ഒമാൻ -യു.എ.ഇ റെയിൽവേ കരാറിന് സുൽത്താന്റെ അംഗീകാരം
മസ്‌കത്ത്: ഒമാനും യു.എ.ഇയും തമ്മിലുള്ള റെയിൽവേ ശൃംഖല വികസിപ്പിക്കുന്നതിനുള്ള ചരിത്രപ്രധാനമായ കരാറിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി. ഇരുരാജ്യങ്ങൾക്കുമിടയിൽ ചരക്ക്-യാത്രാ ഗതാഗത രംഗത്ത് വൻ വിപ്ലവം സൃഷ്ടിക്കുന്ന 2.5 ബില്യൺ ഡോളറിന്റെ (ഏകദേശം 20,000 കോടിയിലധികം രൂപ) പദ്ധതിക്കാണ് ഇതോടെ ഔദ്യോഗിക അനുമതിയായത്. വ്യാഴാഴ്ച സുൽത്താൻ പുറപ്പെടുവിച്ച പത്ത് രാജകീയ ഉത്തരവുകളിൽ ഒമ്പതാമത്തേതായാണ് ഈ റെയിൽവേ കരാറിന് അംഗീകാരം നൽകിയതെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഒമാനും യു.എ.ഇയും തമ്മിലുള്ള ആദ്യത്തെ റെയിൽവേ കണക്ഷൻ വികസിപ്പിക്കുന്ന കമ്പനിയാണ് ഹഫീത് റെയിൽ. ഒമാൻ റെയിൽ, യു.എ.ഇയുടെ ഇതിഹാദ് റെയിൽ, അബുദാബിയിലെ പ്രമുഖ നിക്ഷേപകരായ മുബാദല എന്നിവർ സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖലക്ക് 238 കിലോമീറ്റർ നീളമാണുണ്ടാവുക. ഒമാനിലെ പ്രമുഖ വ്യവസായിക-തീരദേശ നഗരമായ സുഹാറിൽ നിന്ന് ആരംഭിച്ച് ബുറൈമി, അൽ ഐൻ വഴി യു.എ.ഇയുടെ ദേശീയ റെയിൽവേ ശൃംഖലയുമായി ഇതിനെ ബന്ധിപ്പിക്കും.
പ്രമുഖ ഫ്രീ സോൺ, ലോഹങ്ങൾ, പെട്രോകെമിക്കൽസ്, നിർമമാണ-ലോജിസ്റ്റിക്സ് മേഖലകൾ എന്നിവ ഉൾപ്പെടുന്ന വലിയൊരു വ്യവസായ അടിത്തറ എന്നിവ സ്ഥിതി ചെയ്യുന്നത് സുഹാറിലാണ്. ഈ വ്യവസായ കേന്ദ്രത്തെ യു.എ.ഇയുമായി റെയിൽവേ വഴി നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ അസംസ്‌കൃത വസ്തുക്കളും ഉൽപന്നങ്ങളും വ്യവസായ ശാലകൾ, തുറമുഖങ്ങൾ, ഉപഭോക്തൃ വിപണികൾ എന്നിവക്കിടയിൽ അതിവേഗം കൈമാറാൻ കമ്പനികൾക്ക് സാധിക്കും. ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിച്ച് ഏകദേശം 900 കിലോമീറ്റർ നീളമുള്ള വിപുലമായ ഒരു ദേശീയ ചരക്ക് റെയിൽ ശൃംഖല യു.എ.ഇ ഇതിനകം തന്നെ ഒരുക്കിയിട്ടുണ്ട്. സുഹാറിനെ ഈ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതോടെ പടിഞ്ഞാറ് സൗദി അതിർത്തി മുതൽ ഒമാൻ ഉൾക്കടലിന്റെ തീരത്തുള്ള ഫുജൈറ വരെ നീളുന്ന യു.എ.ഇയുടെ വിശാലമായ റെയിൽവേ പാതയിലേക്ക് ഒമാന് നേരിട്ട് പ്രവേശനം ലഭിക്കും.
മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലായിരിക്കും ചരക്കുതീവണ്ടികൾ സർവീസ് നടത്തുക. ഒരു സിംഗിൾ ട്രെയിനിന് മാത്രം ഏകദേശം 270 സ്റ്റാൻഡേർഡ് കണ്ടെയ്നറുകൾ വഹിക്കാൻശേഷിയുണ്ടാവും. ഖനനം, ഇരുമ്പ്-ഉരുക്ക് വ്യവസായം, പെട്രോകെമിക്കൽസ്, കൃഷി, ഭക്ഷണം, റീട്ടെയിൽ, ഇ-കോമേഴ്സ് തുടങ്ങിയ മേഖലകൾക്ക് ഈ ചരക്കുപാത വലിയ രീതിയിൽ ഗുണം ചെയ്യും. യാത്രാതീവണ്ടികൾ മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിലാണ് സഞ്ചരിക്കുക. ഒരു ട്രെയിനിൽ 400 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ സാധിക്കും.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ഒമാനിലെ സുഹാറിൽ നിന്ന് യു.എ.ഇ തലസ്ഥാനമായ അബുദാബിയിലേക്കുള്ള യാത്രാസമയം വെറും ഒരു മണിക്കൂറും നാൽപതു മിനിറ്റുമായി ചുരുങ്ങും. സുഹാറിൽ നിന്ന് അൽ ഐനിലേക്ക് എത്തിച്ചേരാൻ വെറും 47 മിനിറ്റ് മാത്രം മതിയാകും. പദ്ധതിയുടെ 40 ശതമാനം നിർമാണവും ഇതിനകം പൂർത്തിയായതായി ഹഫീത് റെയിൽ ഈ വർഷം ആദ്യം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.