ടൂർ ഓഫ് സലാലക്ക് ഇന്ന് തുടക്കം; 28 രാജ്യങ്ങളിൽ നിന്നായി 95 താരം കായികതാരങ്ങൾ മാറ്റുരക്കും
സലാല: ഒമാൻ സൈക്ലിങ് അസോസിയേഷനുമായി സഹകരിച്ച് ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര സലാല സൈക്കിൾ ടൂർണമെന്റിന് (ടൂർ ഓഫ് സലാല) ശനിയാഴ്ച തുടക്കമാകും. അഞ്ച് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്നതാണ് ഈ അന്താരാഷ്ട്ര കായിക മൽസരം. ഒമാനു പുറമെ, ബ്രിട്ടൻ, അൾജീരിയ, ഇത്യോപ്യ, ജർമ്മനി, ഇന്തോനേഷ്യ, സൗദി അറേബ്യ, ഫിലിപ്പീൻസ്, ആസ്‌ത്രേലിയ, ബഹ്‌റൈൻ, ഹോളണ്ട്, ദക്ഷിണാഫ്രിക്ക, ഫ്രാൻസ്, മംഗോളിയ, ഉഗാണ്ട, സ്‌പെയിൻ, മലേഷ്യ, റുവാണ്ട, അർജന്റീന, ബ്രസീൽ, കാനഡ, ചൈന, കൊളംബിയ, ഡെന്മാർക്ക്, എറിത്രിയ, മൗറീഷ്യസ്, ന്യൂസിലാൻഡ്, സ്വിറ്റ്‌സർലൻഡ് എന്നീ 28 രാജ്യങ്ങളിൽ നിന്നുള്ള 95 പ്രമുഖ സൈക്ലിസ്റ്റുകളാണ് ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
ദോഫാർ ഗവർണറേറ്റിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങളും സാംസ്കാരിക പൈതൃകവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക, അന്താരാഷ്ട്ര സൈക്ലിങ് യൂണിയന്റെ അംഗീകാരമുള്ള മത്സരങ്ങളിലൂടെ ആഗോള സൈക്ലിങ് ഭൂപടത്തിൽ ഒമാന്റെ സ്ഥാനം ഉറപ്പിക്കുക എന്നിവയാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഒമാനി സൈക്ലിസ്റ്റുകളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും യുവപ്രതിഭകളെ കണ്ടെത്താനും കായികരംഗത്തെ സാങ്കേതിക നിലവാരം ഉയർത്താനും പുറമെ, സൈക്ലിങ് ഒരു ജീവിതശൈലിയായി സ്വീകരിക്കാൻ സമൂഹത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആരോഗ്യബോധവൽകരണം നടത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ സാങ്കേതിക യോഗം വെള്ളിയാഴ്ച വൈകുന്നേരം സലാലയിൽ നടന്നു.
മത്സരത്തിലെ സാങ്കേതിക നിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയും വിവിധ ഘട്ടങ്ങളിലെ റൂട്ടുകൾ നിശ്ചയിക്കുകയും ചെയ്തു. ഒരു ദിവസം നീളുന്ന രണ്ടാമത് ‘ദോഫാർ ക്ലാസിക്’ അന്താരാഷ്ട്ര മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കമാകുക. അൽ ഹാഫ മാർക്കറ്റിൽ നിന്ന് ആരംഭിച്ച് ഹിജീഫ് പ്രദേശം വരെ 98 കിലോമീറ്റർ ദൂരത്തിലാണ് ഈ മത്സരം. തുടർന്ന് സെപ്തംബർ ആറു മുതൽ ഒമ്പതു വരെ ടൂർ ഓഫ് സലാലയുടെ നാല് ഘട്ടങ്ങളായുള്ള മത്സരങ്ങൾ നടക്കും.
ഒന്നാം ഘട്ടം (127 കി.മീ): അൽ മുഗ്‌സൈൽ മുതൽ മിർബാത്ത് കോട്ട വരെ. രണ്ടാം ഘട്ടം (108 കി.മീ): അദ്ദഹാരീസ് ബീച്ച് മുതൽ വാദി ദർബാത്ത് വരെ. മൂന്നാം ഘട്ടം (156 കി.മീ): താഖ കോട്ട മുതൽ ജബൽ സംഹാൻ വ്യൂ പോയിന്റ് വരെ. നാലാം ഘട്ടം (105 കി.മീ): ഐൻ റസാത്ത് മുതൽ സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോർ കൾച്ചർ ആൻഡ് എന്റർടൈൻമെന്റ് വരെ.
ടൂർ ഓഫ് സലാല ഒമാന്റെ സൈക്ലിങ് ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണെന്ന് ഒമാൻ സൈക്ലിങ് അസോസിയേഷൻ ചെയർമാൻ സെയ്ഫ് ബിൻ സെബാ അൽ റഷീദി പറഞ്ഞു. മത്സരത്തിന്റെ കരുത്തും ധോഫാറിന്റെ പ്രകൃതിഭംഗിയും ഒത്തുചേരുന്ന അവിസ്മരണീയമായ ഒരു പതിപ്പായിരിക്കും ഇതെന്നും കായിക-വിനോദസഞ്ചാര മേഖലകളിൽ ഇതിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖരീഫ് സീസണിന്റെ അവസാന ഘട്ടത്തോട് അനുബന്ധിച്ച് ടൂർണമെന്റ് സംഘടിപ്പിച്ചത് ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും ദീർഘദൂര മത്സരപ്പാതകൾ സുരക്ഷിതമായി ഒരുക്കാനും സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.