കനത്ത മഴ : വാദികള്‍ കരകവിഞ്ഞു, ഗതാഗതം സ്തംഭിച്ചു  

മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച കനത്ത മഴ പെയ്തു. സൊഹാര്‍, ഷിനാസ്, സഹം, ലിവ, റുസ്താഖ്, ഗാല, ബിദ് ബിദ്, റുസൈല്‍, ഖുറിയാത്ത് എന്നിവിടങ്ങളിലാണ് മഴ കനത്തത്. റുസ്താഖടക്കം ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. സഹത്തിലും മറ്റും വാദികള്‍ നിറഞ്ഞു കവിഞ്ഞു. ഇടിമിന്നലോട് കൂടിയ മഴയാണ് പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്. മഴ പല ഭാഗത്തും ഗതാഗത സ്തംഭനത്തിന് കാരണമാക്കി. വിവിധ ഭാഗങ്ങളില്‍ വാഹന അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 
മസ്കത്ത് ഗവര്‍ണറേറ്റിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇടത്തരം മഴ ലഭിച്ചു. റുവി, വാദി കബീര്‍, അല്‍ ഹംരിയ, മത്ര, കോര്‍ണിഷ്, മസ്കത്ത്, അല്‍ ഖുവൈര്‍ തുടങ്ങിയ ഗവര്‍ണറേറ്റിന്‍െറ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ഇടത്തരം മഴ പെയ്തിരുന്നു. ദിബ്ബ, മദ, സുമൈല്‍, നഖല്‍, വാദീ മആവില്‍, അല്‍ അമിറാത്ത്, സീബ് എന്നിവിടങ്ങളിലും മഴ ലഭിച്ചു. റുസ്താഖ്, സൊഹാര്‍ എന്നിവിടങ്ങളില്‍  ആലിപ്പഴ വര്‍ഷമുണ്ടായതായി താമസക്കാര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം വ്യാഴാഴ്ച വൈകുന്നേരം വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഒമ്പതു ഗവര്‍ണറേറ്റുകളില്‍ ഇടക്കിടെ മഴപെയ്യാന്‍ സാധ്യതയുണ്ട്. വടക്കന്‍ ബാത്തിനയിലാണ് കൂടുതല്‍ മഴക്ക് സാധ്യത. അതിനിടെ, ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ വേണ്ടത്ര മുന്‍കരുതലുകളെടുക്കണമെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. വാദികള്‍ മുറിച്ചുകടക്കരുതെന്നും വാദിയില്‍ വാഹനങ്ങള്‍ ഇറക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വാഹനങ്ങള്‍ വാദിയില്‍ ഇറക്കുന്നത് മുന്‍കാലങ്ങളില്‍ വന്‍ അപകടങ്ങള്‍ വരുത്തിവെച്ചിരുന്നു. ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടത്തെ നേരിടാന്‍ സുരക്ഷാ സേന തയാറായതായും പൊതുഅതോറിറ്റി അറിയിച്ചു. അപകടത്തില്‍പെടുന്നവരില്‍നിന്ന് സൂചനകള്‍ ലഭിച്ചാല്‍ സംഘം സ്ഥലത്തത്തെും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവുമായി സഹകരിച്ചാണ് സുരക്ഷാ സംഘം പ്രവര്‍ത്തിക്കുന്നത്. കാറ്റും മഴയും ഉണ്ടാവുമ്പോള്‍ ജനങ്ങള്‍ അടുത്ത കെട്ടിടത്തിനുള്ളിലേക്കോ വാഹനത്തിനുള്ളിലോ ഓടിക്കയറണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. മരങ്ങളുടെയും ഇലക്ട്രിക് തൂണുകളുടെയും വാര്‍ത്താവിനിമയ ടവറുകളുടെയും ചുവട്ടില്‍ നില്‍ക്കരുത്. മലയടക്കമുള്ള ഉയര്‍ന്നസ്ഥലങ്ങളില്‍ നില്‍ക്കുകയോ ജോലിയെടുക്കുകയോ ചെയ്യരുതെന്നും അറിയിപ്പിലുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.