ഇന്ത്യന്‍ സിനിമയുടെ ചിത്രീകരണം ഒമാനില്‍; മലയാളി താരങ്ങളുമത്തെും

മസ്കത്ത്: മലയാളമടക്കം മൂന്ന് ഭാഷകളില്‍ ചിത്രീകരിക്കുന്ന ഇന്ത്യന്‍ സിനിമയുടെ ഷൂട്ടിങ് അടുത്തമാസം ഒമാനില്‍ ആരംഭിക്കും. ഹോളിവുഡിലെ ഇന്ത്യന്‍ സാന്നിധ്യമായ ആദില്‍ ഹുസൈന്‍ നായകനായ ചിത്രത്തില്‍ മലയാളി താരങ്ങളും അണിനിരക്കുന്നുണ്ട്. നിര്‍മാണം, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം എന്നിവയടക്കം അണിയറയിലും മലയാളി സാന്നിധ്യമുണ്ട്. ഹോളിവുഡ് താരം റീം കാദിം അഭിനയിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയുമുണ്ട്. 
ഒരേ സമയം മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലാണ് സിനിമ ചിത്രീകരിക്കുകയെന്ന് എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ശ്വേത മേനോനാണ് പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുധീര്‍ കരമന, മൈഥിലി ബാലചന്ദ്രന്‍ എന്നിവരാണ് മറ്റ് മലയാളി താരങ്ങള്‍. ‘നേവല്‍ എന്ന ജ്യുവല്‍’ എന്നാണ് മലയാളത്തില്‍ സിനിമയുടെ പേര്. രഞ്ജി ലാല്‍ ദാമോദരന്‍ ആണ് സംവിധാനം. സംവിധായകന്‍െറ കഥക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് വി.കെ. അജിത്കുമാറാണ്. ഛായാഗ്രാഹകന്‍ ജോബി ജോര്‍ജ്, ചിത്രസംയോജകന്‍ നിഖില്‍, സംഗീതസംവിധായകന്‍ ജസ്റ്റില്‍ എന്നിവരും മലയാളികളാണ്. മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന സമാന്തര സിനിമയായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. ഇന്ത്യന്‍ മാതാവിന് ജനിച്ച ഇറാനിയന്‍ പെണ്‍കുട്ടിയുടെ ജീവിതമാണ് പ്രമേയം. മത്ര, നിസ്വ, ഇബ്രി തുടങ്ങിയ ലൊക്കേഷനുകളില്‍ 20 ദിവസമാണ് ചിത്രീകരണം ഉണ്ടാകുക. 
കണ്ണൂരിലും സിനിമയുടെ ഷൂട്ടിങ് നടക്കും. ലൈഫ് ഓഫ് പൈ, ദി റിലക്റ്റന്‍റ് ഫണ്ടമെന്‍റലിസ്റ്റ് തുടങ്ങിയ ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ ആദില്‍ ഹുസൈന്‍ ആദ്യമായാണ് മലയാള സിനിമയില്‍ അഭിനയിക്കുന്നത്. 
തമിഴ്, ഹിന്ദി, മലയാളം അടക്കം 20ഓളം ഇന്ത്യന്‍ സിനിമകളുടെ ചിത്രീകരണം ഒമാനില്‍ നടന്നിട്ടുണ്ട്. ജോണ്‍ ബ്രിട്ടാസ് നായകനായ ‘വെള്ളിവെളിച്ചത്തില്‍’ എന്ന മലയാള സിനിമ പൂര്‍ണമായും ഒമാനിലാണ് ചിത്രീകരിച്ചത്.    
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.