ഒമാന്‍ വീണ്ടും വിദേശത്തുനിന്ന് കടമെടുക്കുന്നു

മസ്കത്ത്: 2016 ബജറ്റിലെ കമ്മി നികത്താന്‍ ഒമാന്‍ വിദേശത്തുനിന്ന് കൂടുതല്‍ കടമെടുക്കും. അഞ്ച് ബില്യണ്‍ ഡോളര്‍ മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ് കടമെടുക്കുന്നത്. ഈ വര്‍ഷം മധ്യത്തോടെ യൂറോ ബോണ്ടുകള്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്‍റ് ഹമൂദ് സാംഗൂര്‍ അല്‍ സദ്ജാലിയെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. 
അതേസമയം, ആഭ്യന്തരവിപണിയില്‍നിന്ന് പണം കടമെടുക്കുന്നത് ബാങ്കുകളുടെ സമ്മര്‍ദം വര്‍ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ വിദേശത്തുനിന്ന് കടമെടുക്കാനാണ് അധികൃതര്‍ ശ്രമിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര വിപണിയില്‍നിന്ന് 600 മില്യണ്‍ റിയാല്‍ സര്‍ക്കാര്‍ കടമെടുക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്‍റ് പറഞ്ഞു. ഓരോ രണ്ടു മാസത്തിലും 100 മില്യണ്‍ റിയാല്‍ വീതമാണ് കടമെടുക്കുക. ആദ്യഗഡുവായ 100 മില്യണ്‍ റിയാല്‍ കടമെടുക്കാനുള്ള അഞ്ചുവര്‍ഷം കാലാവധിയുള്ള ബോണ്ടുകളുടെ ലേലം ഈമാസം 16ന് നടക്കും. കഴിഞ്ഞ മാസം ഒമാനിലെ 11 ബാങ്കുകളില്‍നിന്ന് ഒരു ബില്യണ്‍ ഡോളര്‍ കടമെടുത്തിരുന്നു. ഈ വര്‍ഷമാദ്യം ഒമാന്‍ ധനകാര്യമന്ത്രി ദാര്‍വീഷ് ബിന്‍ ഇസ്മാഈല്‍ അല്‍ ബലൂഷി അവതരിപ്പിച്ച ബജറ്റില്‍ 3.3 ബില്യണ്‍ റിയാലിന്‍െറ കമ്മിയാണുണ്ടായിരുന്നത്. കമ്മി പരിഹരിക്കാന്‍ 600 മില്യണ്‍ റിയാല്‍ ഗ്രാന്‍റ് വഴിയും 300 മില്യണ്‍ റിയാല്‍ ആഭ്യന്തര വിപണിയില്‍നിന്ന് കടമെടുത്തും 1.5 ബില്യണ്‍ റിയാല്‍ റിസര്‍വ് ഫണ്ടില്‍നിന്നും 900 മില്യണ്‍ റിയാല്‍ വിദേശത്തുനിന്ന് കടമെടുക്കുകയും ചെയ്യേണ്ടിവരുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. എണ്ണവിലയിലെ ഇടിവാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. 1997ലാണ് ഇതിനുമുമ്പ് സര്‍ക്കാര്‍ ഇന്‍റര്‍നാഷനല്‍ ബോണ്ട് ഇറക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.