ഇന്ത്യന്‍ തീരസുരക്ഷാസേനയുടെ കപ്പല്‍ ‘സങ്കല്‍പ്’ ഒമാനില്‍

മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള സൈനിക സഹകരണം ദൃഢമാക്കുന്നതും സായുധസേനകള്‍ പരസ്പരം വൈദഗ്ധ്യം കൈമാറുന്നതും സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങള്‍ ഇന്ത്യയില്‍ ചര്‍ച്ച നടത്തും. ഇന്ത്യയും ഒമാനും രൂപവത്കരിച്ച സംയുക്ത സൈനിക സഹകരണ സമിതിയുടെ യോഗം 2017ല്‍ ഇന്ത്യയില്‍ നടക്കുമെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗ്ളോറിയ ഗാങ്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  സമിതിയുടെ എട്ടാമത് യോഗം കഴിഞ്ഞ ദിവസം മസ്കത്തില്‍ നടന്നിരുന്നു. 
ഒമാനിലത്തെിയ ഇന്ത്യന്‍ തീരസുരക്ഷാസേനയുടെ സുരക്ഷാകപ്പലായ ‘ഐ.സി.ജി.എസ് സങ്കല്‍പി’ല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയും ഒമാനുമായുള്ള നയതന്ത്രബന്ധത്തിന്‍െറ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ‘സങ്കല്‍പ്’ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തത്തെിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യന്‍ നാവികസേനയുടെ പരിശീലനക്കപ്പലായ ഐ.എന്‍.എസ് തരംഗിണിയും റോയല്‍ ഒമാന്‍ നേവിയുടെ ശബാബ് ഒമാന്‍ കപ്പലും മസ്കത്തില്‍നിന്ന് കൊച്ചിയിലേക്ക് സംയുക്ത യാത്ര നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലെ നൂറ്റാണ്ട് പഴക്കമുള്ള കടല്‍വാണിജ്യത്തിന്‍െറ ഓര്‍മപുതുക്കി നടത്തിയ യാത്ര ഉഭയകക്ഷിബന്ധത്തില്‍ പുത്തന്‍ അധ്യായമാണ് സൃഷ്ടിച്ചതെന്ന് ഗ്ളോറിയ ഗാങ്തെ പറഞ്ഞു. 
റോയല്‍ ഒമാന്‍ കോസ്റ്റ്ഗാര്‍ഡുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് സന്ദര്‍ശനമെന്ന് ‘സങ്കല്‍പി’ന്‍െറ കമാന്‍ഡിങ് ഓഫിസര്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ മുകുള്‍ ഗാര്‍ഗ് വ്യക്തമാക്കി. കടല്‍സുരക്ഷ സംബന്ധിച്ച് പരസ്പരം സഹകരിക്കാവുന്ന മേഖലകള്‍ കണ്ടത്തെി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും. കടല്‍ക്കൊള്ള, സമുദ്രാതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തുടങ്ങിയ സുരക്ഷാപ്രശ്നങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറും. സംയുക്ത പരിശീലനപരിപാടികളും നടക്കുന്നുണ്ട്. ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങള്‍ ‘സങ്കല്‍പ്’ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലാണ് ഒമാനിലത്തെിയത്. 13ന് കപ്പല്‍ ഒമാന്‍ തീരം വിടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എംബസിയിലെ ഡിഫന്‍സ് അറ്റാഷേ ക്യാപ്റ്റന്‍ എന്‍. ഹരിഹരനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒമാന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ തീരസുരക്ഷാസേനയുടെ മൂന്നാമത്തെ കപ്പലാണിത്. 2013 മാര്‍ച്ചില്‍ ഐ.സി.ജി.എസ് സമുദ്രപ്രഹരി, 2015 ജനുവരിയില്‍ ഐ.സി.ജി.എസ് വിജിത് എന്നിവ മസ്കത്ത് പോര്‍ട്ടില്‍ എത്തിയിരുന്നു. ഇന്ത്യന്‍ തീരസുരക്ഷാസേനയുടെ അഞ്ചാമത്തെ അഡ്വാന്‍സ്ഡ് ഓഫ്ഷോര്‍ പട്രോള്‍ വെസ്സലായ ‘സങ്കല്‍പ്’ തദ്ദേശീയമായി ഗോവ ഷിപ്യാര്‍ഡിലാണ് നിര്‍മിച്ചത്. 2008 മേയ് 20നാണ് കമീഷന്‍ ചെയ്തത്. 16 ഓഫിസര്‍മാരും 97 മറ്റു ജീവനക്കാരുമുണ്ട്.  പടിഞ്ഞാറന്‍ തീരസംരക്ഷണ മേഖലക്കു കീഴില്‍ മുംബൈയിലാണ് ‘സങ്കല്‍പി’ന്‍െറ ബേസ്. 105 മീറ്ററാണ് കപ്പലിന്‍െറ നീളം. 
ആധുനിക വാര്‍ത്താവിനിമയ സാങ്കേതികവിദ്യകളുള്ള കപ്പലിന് എ.എല്‍.എച്ച്, ചേതക് ഹെലികോപ്ടറുകളെയും വഹിക്കാനാകും. ഗുജറാത്ത് മുതല്‍ കേരളതീരം വരെയുള്ള നിരീക്ഷണത്തിനാണ് ‘സങ്കല്‍പി’നെ നിയോഗിച്ചിരിക്കുന്നത്.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.