മുന്നറിയിപ്പുകള്‍ അവഗണിച്ച് സലാലയിലെ തടാകങ്ങളില്‍ സഞ്ചാരികള്‍ കുളിക്കാനിറങ്ങുന്നു

സലാല:  മുന്നറിയിപ്പുകള്‍ അവഗണിച്ച് സലാലയിലെ തടാകങ്ങളില്‍ കുളിക്കാനിറങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. അപകടകരമായ വിധത്തില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്നാണ് ഖരീഫ് മഴയില്‍ രൂപംകൊണ്ട അല്‍ ഖോര്‍, സഹല്‍നത്ത് തടാകങ്ങളിലേക്കുള്ള പ്രവേശം നിരോധിച്ചത്. ഇവിടങ്ങളിലേക്കുള്ള പ്രധാന റോഡുകള്‍ അടച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കിയതിനെ തുടര്‍ന്ന് പര്‍വതങ്ങളുടെ ഭാഗങ്ങളിലൂടെയും മറ്റും ചുറ്റിക്കറങ്ങിയാണ് ആളുകള്‍ തടാകതീരങ്ങളില്‍ എത്തുന്നത്. കടലിലും ചില തടാകങ്ങളിലും കുളിക്കാനിറങ്ങരുതെന്നും അത് ജീവന്‍ അപകടത്തിലാക്കാന്‍ വഴിയൊരുക്കുമെന്നും ഖരീഫ് സീസണിന്‍െറ തുടക്കത്തില്‍ തന്നെ പൊലീസും ദോഫാര്‍ നഗരസഭയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒച്ചുകളുടെ സാന്നിധ്യം ഗുരുതരരോഗത്തിന് വഴിയൊരുക്കുമെന്നതിനാലാണ് റസാത്ത് തടാകത്തിലേക്കുള്ള പ്രവേശം നിരോധിച്ചത്.
 എല്ലായിടത്തും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ അതൊന്നും കാര്യമാക്കാത്ത അവസ്ഥയാണ്. അല്‍ഖോര്‍ തടാകത്തില്‍ കുളിക്കാനിറങ്ങിയ ജോര്‍ഡാനിയന്‍ പൗരന്‍െറ മൃതദേഹം ആഗസ്റ്റ് ആറിന് കണ്ടെടുത്തിരുന്നു. തുടര്‍ന്ന്, സിവില്‍ ഡിഫന്‍സ് സുരക്ഷാ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും സ്വന്തം ജീവന്‍ അപകടത്തിലാക്കരുതെന്നും കാട്ടി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. തിരകള്‍ക്ക് ശക്തി കൂടുതലായതിനാല്‍ നീന്തല്‍ അറിയുന്നവര്‍പോലും കടലില്‍ ഇറങ്ങിയാല്‍ അപകടത്തില്‍പെടാന്‍ സാധ്യതയുണ്ടെന്ന് ആര്‍.ഒ.പി ട്വിറ്ററില്‍ അറിയിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.