ഇന്ത്യന്‍ രൂപക്ക് സ്ഥിരത, വിനിമയ  നിരക്കില്‍ മാറ്റമുണ്ടാകാനിടയില്ല

മസ്കത്ത്: ആഗോള സാമ്പത്തിക വ്യവസ്ഥക്കും ഇന്ത്യന്‍ സാമ്പത്തിക മേഖലകള്‍ക്കും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാത്തതിനാല്‍ ഇന്ത്യന്‍ രൂപ അടുത്ത ഏതാനും മാസം സ്ഥിരമായി തുടരാനിട. അതിനാല്‍, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കില്‍ അടുത്തൊന്നും മാറ്റം പ്രതീക്ഷിക്കേണ്ടതില്ളെന്ന്  സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഒരു റിയാലിന് 173 രൂപക്കും 174 രൂപക്കും ഇടക്കുള്ള നിരക്കാണ് വിനിമയ സ്ഥാപനങ്ങള്‍ ഇപ്പോള്‍ നല്‍കുന്നത്. കഴിഞ്ഞ ഒരു മാസത്തിലധികമായി ഇതേ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ദേശീയ അന്താരാഷ്ട്ര മേഖലയില്‍ വലിയ മാറ്റമില്ളെങ്കില്‍ ചുരുങ്ങിയത് അടുത്ത മൂന്നുമാസമെങ്കിലും ഈ നിരക്ക് തുടരാനാണ് സാധ്യത. വിനിമയ നിരക്കില്‍ അടുത്തൊന്നും വലിയ മാറ്റത്തിന് സാധ്യതയില്ളെന്ന് അല്‍ ജദീദ് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ബി. രാജന്‍ പറഞ്ഞു. വിനിമയ നിരക്ക് വല്ലാതെ താഴെപ്പോവാന്‍ സാധ്യതയില്ല. 
ഉയര്‍ന്ന് 175 രൂപ കടക്കാനും സാധ്യതയില്ല. ഡോളര്‍ ശക്തമാവുമ്പോള്‍ മാര്‍ക്കറ്റില്‍ ഡോളര്‍ ഇറക്കുകയും രൂപയെ 175 കടക്കാതെ പിടിച്ചുനിര്‍ത്തുകയും ചെയ്യും. അതിനാല്‍, അടുത്ത കുറച്ച് കാലത്തേക്ക് വിനിമയ നിരക്കില്‍ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. രുപയുടെ വിനിമയ നിരക്ക് ചുരുങ്ങിയത് അടുത്ത മൂന്ന് മാസത്തേക്കെങ്കിലും സ്ഥിരമായി നില്‍ക്കുമെന്ന് മുസന്തം എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ പി.എസ്. സകറിയ പറഞ്ഞു. നിലവില്‍ അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയും സ്ഥിരതയോടെ നില്‍ക്കുകയാണ്. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ കറന്‍സിയുടെ മൂല്യം അടുത്തിടെ കുറച്ചതിനാല്‍ അടുത്തൊന്നും  കറന്‍സിയില്‍  മാറ്റം പ്രതീക്ഷിക്കുന്നില്ല. 
ഇന്ത്യന്‍ സാമ്പത്തിക രംഗവും സ്ഥിരതയോടെ നില്‍ക്കുകയാണ്. റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നിട്ടില്ല. ഇനി അടുത്ത മൂന്നുമാസം ഇതേ നിരക്ക് തന്നെയാണ് തുടരുക. റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് നല്‍കുന്ന പലിശനിരക്കാണ് റിപോ നിരക്ക് എന്ന പേരില്‍ അറിയപ്പെടുന്നത്. ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയാണിത്. ബാങ്കുകളില്‍നിന്ന് റിസര്‍വ് ബാങ്കും ഫണ്ടുകള്‍ സ്വീകരിക്കാറുണ്ട്. ഇതിന്‍െറ പലിശനിരക്ക് റിസര്‍വ് ബാങ്കാണ് നിശ്ചയിക്കുന്നത്. ഈ പലിശനിരക്കിലുള്ള ചെറിയ മാറ്റം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കും. നിരക്കില്‍ മാറ്റംവരുത്തേണ്ടെന്ന് കഴിഞ്ഞദിവസം റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു. 
എണ്ണവിലയും രൂപയുടെ വിനിമയനിരക്കിനെ ബാധിക്കുന്നുണ്ട്. എണ്ണവിലയും വലിയ മാറ്റമില്ലാതെ തുടരുകയാണ്. എണ്ണവിലയില്‍ പെട്ടെന്ന് വലിയ കുറവുണ്ടായാല്‍ രൂപ ശക്തമാവാന്‍ കാരണമാകും. അത് വിനിമയം കുറയാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ലോക സാമ്പത്തികരംഗത്തോ ഇന്ത്യന്‍ സാമ്പത്തികരംഗത്തോ പെട്ടെന്ന് മാറ്റങ്ങളുണ്ടാവുന്നത്  രൂപയുടെ വിനിമയ നിരക്കിനെ ബാധിക്കും. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.