വിദേശികളുടെ തൊഴില്‍ കരാര്‍: മന്ത്രാലയത്തില്‍ രജിസ്റ്റര്‍  ചെയ്യണമെന്ന നിബന്ധന വരുന്നു

മസ്കത്ത്: വിദേശികളുടെ തൊഴില്‍ കരാറുകളും രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന നടപ്പിലാക്കാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം ഒരുങ്ങുന്നു. ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ് യൂനിയന്‍ നേതാവ് നബ്ഹാന്‍ അല്‍ ബത്താഷിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. 
നിലവില്‍ സ്വദേശികളുടെ തൊഴില്‍ കരാറുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതി. എന്നാല്‍, വരും ദിവസങ്ങളില്‍ പ്രവാസികള്‍ കൂടുതലുള്ള ചില കമ്പനികളെ കൂടി ഈ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇവര്‍ എല്ലാ വിഭാഗം തൊഴിലാളികളുടെയും കരാറുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. നിലവില്‍ വിദേശ തൊഴിലാളികളുടെ രണ്ട് കരാറുകള്‍ ചില കമ്പനികള്‍ തയാറാക്കുന്നുണ്ട്. അതില്‍ ഒന്ന് മന്ത്രാലയത്തിന്‍െറ അറിവോ അനുമതിയോ ഇല്ലാതെ തൊഴിലാളിയെ കൊണ്ട് ഒപ്പുവെപ്പിക്കുന്ന പതിവുണ്ട്. രാജ്യത്തെ കമ്പനികളിലെ എല്ലാ വിഭാഗം തൊഴിലാളികളുടെയും കരാറുകള്‍ മന്ത്രാലയത്തിന് കീഴിലാക്കുന്നതിനാണ് തങ്ങള്‍ പരിശ്രമിക്കുന്നതെന്ന് അല്‍ ബത്താഷി പറഞ്ഞു. ഇതുവഴി വിപണിയെ നിരീക്ഷിക്കാനും നിയമലംഘനങ്ങള്‍ക്ക് തടയിടാനും സാധിക്കും. കരാര്‍ ഒരിക്കല്‍ മന്ത്രാലയം അംഗീകരിച്ചാല്‍ വിദേശികള്‍ക്ക് വ്യത്യസ്ത വേതനം നല്‍കുന്നതടക്കം കമ്പനി നിയമത്തില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ലംഘിക്കപ്പെടുന്നത് ഒഴിവാക്കാം. 
ഇത് രാജ്യത്തെ തൊഴില്‍മേഖലയില്‍ സൗഹാര്‍ദപരമായ അന്തരീക്ഷമുണ്ടാക്കുമെന്നും അല്‍ ബത്താഷി പറഞ്ഞു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പുതിയ തൊഴില്‍നിയമം നടപ്പില്‍ വന്നശേഷം ഇത് പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ തയാറാകുമെന്നാണ് കരുതുന്നത്. 
സ്വകാര്യമേഖലയിലെ ഭൂരിപക്ഷം വരുന്ന തൊഴില്‍സേനയായ പ്രവാസികള്‍ക്കിടയില്‍ മികച്ച തൊഴിലന്തരീക്ഷം സൃഷ്ടിക്കാന്‍ നിയമത്തിലെ ഈ മാറ്റം സഹായകരമാകുമെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി അംഗം അഹമ്മദ് അല്‍ ഹൂത്തിയും പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.