മസ്കത്ത്: ബലിപെരുന്നാള്‍ അടുത്തതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്നുതുടങ്ങി. ഈദുല്‍ ഫിത്ര്‍, ഓണം സമയങ്ങളില്‍ യാത്രക്കാരെ പിഴിഞ്ഞ വിമാന കമ്പനികള്‍ ആഗസ്റ്റ് അവസാനം മുതല്‍ സെപ്റ്റംബര്‍ പകുതിവരെ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്കില്‍ വന്‍ കുറവ് വരുത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലാണ് വര്‍ധനവുണ്ടായത്. എന്നാല്‍, ബലിപെരുന്നാള്‍ കഴിഞ്ഞ് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും ആകര്‍ഷകമായ നിരക്കില്‍ മസ്കത്തില്‍നിന്നുള്ള പ്രവാസികള്‍ക്ക് നാടുപിടിക്കാന്‍ കഴിയും. പെരുന്നാളിനോട് തൊട്ടടുത്ത ദിവസമായ സെപ്റ്റംബര്‍ 23ന് എയര്‍ഇന്ത്യ എക്സ്പ്രസില്‍ കോഴിക്കോടിന് 83 റിയാലാണ് തിങ്കളാഴ്ച സന്ധ്യക്കുള്ള നിരക്ക്. 96 റിയാല്‍ മുടക്കിയാല്‍ കൊച്ചിക്കും 93 റിയാല്‍ മുടക്കിയാല്‍ തിരുവനന്തപുരത്തിനും ഈ ദിവസം എക്സ്പ്രസില്‍ യാത്ര ചെയ്യാം. അതേസമയം, 20ന് കോഴിക്കോടിന് 64ഉം കൊച്ചിക്ക് 60ഉം തിരുവനന്തപുരത്തിന് 58 റിയാലുമാണ് നിരക്ക്. കോഴിക്കോടിന് 21ന് 57 റിയാല്‍ മുടക്കിയും പോകാം. കോഴിക്കോടിനുള്ള 22ാം തീയതിയിലെയും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനുമുള്ള 21, 22 തീയതികളിലെയും എക്സ്പ്രസ് ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റഴിഞ്ഞു. കൊച്ചിക്കുള്ള ജെറ്റ് എയര്‍വേസില്‍ ഇപ്പോള്‍ 45 റിയാലിന് ലഭിക്കുന്ന ടിക്കറ്റ് സെപ്റ്റംബര്‍ 23ന് 120 റിയാലായി ഉയരും.
ഒമാന്‍ എയറിനും ഏതാണ്ട് സമാന നിരക്കാണ്. പെരുന്നാള്‍ അടുക്കുന്നതോടെ എക്സ്പ്രസിന്‍െറ നിരക്ക് കുത്തനെ ഉയരുമെന്നും ട്രാവല്‍ ഏജന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. മറ്റു കമ്പനികളുടേത് ചിലപ്പോള്‍ അതിനുമുകളിലേക്ക് പോകാനും സാധ്യതയുണ്ട്. കഴിഞ്ഞ ചെറിയ പെരുന്നാളിനോടനുബന്ധിച്ച ദിവസങ്ങളില്‍ 160 റിയാല്‍ വരെ എത്തിയിരുന്നു. തുടര്‍ന്ന് പലരും മംഗലാപുരവും മറ്റും വഴിയാണ് നാടുപിടിച്ചത്. അത്രക്ക് എത്താനിടയില്ളെങ്കിലും 120 മുതല്‍ 130 റിയാല്‍ വരെ ബലിപെരുന്നാള്‍ അടുക്കുമ്പോള്‍ എത്താനിടയുണ്ടെന്നും സഹത്തില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന അര്‍ഷാദ് പറയുന്നു.
പെരുന്നാളിനുശേഷം നിരക്കുകളില്‍ പകുതിയിലേറെ കുറവ് വരുത്തിയിട്ടുണ്ട്. കോഴിക്കോടിന് ഒക്ടോബര്‍ മുഴുവന്‍ 38 റിയാലാണ് എക്സ്പ്രസില്‍ ഒരു വശത്തേക്കുള്ള നിരക്ക്. കൊച്ചിക്ക് സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന്, നാല്, ഏഴ്, എട്ട്, 14,15,17,22 തീയതികളില്‍ 33 റിയാലിന് യാത്ര ചെയ്യാം. നവംബറിലും ഏതാണ്ട് ഈ നിരക്ക് തന്നെയാണ്. എന്നാല്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 50 റിയാലാണ് തിരുവനന്തപുരത്തിനുള്ള നിരക്ക്. ഇതില്‍ കുറവുവരുത്താന്‍ സാധ്യതയുണ്ടെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഡിസംബറിലാകട്ടെ സീസണ്‍ കണക്കിലെടുത്ത് വീണ്ടും നിരക്കുയരും. ഡിസംബര്‍ ആദ്യം ശരാശരി 90 റിയാലിന് മുകളിലാണ് എക്സ്പ്രസിന്‍െറ നിരക്ക്. ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന കൊച്ചി, തിരുവനന്തപുരം സെക്ടറുകളില്‍ ക്രിസ്മസ് അടുക്കുമ്പോള്‍ 100 റിയാലിന് മുകളിലേക്ക് ടിക്കറ്റ് നിരക്ക് എത്താറുണ്ട്.
പെരുന്നാള്‍ കഴിഞ്ഞ് മസ്കത്തിലേക്ക് മടങ്ങുന്നവര്‍ക്ക് നിലവില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. സെപ്റ്റംബര്‍ 26ന് മടങ്ങുന്ന കോഴിക്കോടുനിന്നുള്ളവര്‍ക്ക് എക്സ്പ്രസില്‍ 104 റിയാലാണുള്ളത്. കൊച്ചിയില്‍നിന്ന് 97ഉം തിരുവനന്തപുരത്തുനിന്ന് 100 റിയാലുമാണ് തിങ്കളാഴ്ച വൈകുന്നേരം വരെ ഈടാക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറവും കാണുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.