എജുട്രാക്ക് വിദ്യാഭ്യാസ പ്രദര്‍ശനം: 160 മുന്‍നിര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കെടുക്കും

മസ്കത്ത്: രണ്ടാമത് എജുട്രാക്ക് വിദ്യാഭ്യാസ പ്രദര്‍ശനം ഒക്ടോബര്‍ 12 മുതല്‍ 14 വരെ നടക്കും. ഒമാന്‍ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയടക്കം 18 രാജ്യങ്ങളില്‍നിന്നുള്ള 160 മുന്‍നിര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കെടുക്കും. സിവില്‍ സര്‍വിസസ് മന്ത്രി ശൈഖ് ഖാലിദ് അല്‍ മര്‍ഹൂന്‍െറ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം. 
അംഗീകൃത സര്‍വകലാശാലകളുടെ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുനല്‍കുന്ന പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത് വഴി വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ക്ക് താല്‍പര്യമുള്ള തൊഴില്‍മേഖല തെരഞ്ഞെടുക്കാന്‍ കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ യോഗ്യതാ തുല്യതാ നിര്‍ണയ വിഭാഗം ഡയറക്ടര്‍ സെയ്ദ് അല്‍ റഹ്ബി പറഞ്ഞു. ഒമാനിലെ ഉന്നതപഠന സ്ഥാപനങ്ങള്‍ക്ക് പുറമെ ബ്രിട്ടന്‍, അമേരിക്ക, കാനഡ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കും. ഓരോ തൊഴില്‍മേഖലയെയും അതിലെ അവസരങ്ങളെയും കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെന്‍റര്‍ പ്രദര്‍ശനത്തിന്‍െറ പ്രത്യേകത ആയിരിക്കും. ഒമാന്‍ അക്രഡിറ്റേഷന്‍ അതോറിറ്റി സംഘടിപ്പിക്കുന്ന സെമിനാറും പ്രദര്‍ശനത്തിന്‍െറ ഭാഗമായി ഉണ്ടാകും. അല്‍ നിമര്‍ എക്സിബിഷനാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. നാഷനല്‍ കരിയര്‍ ഗൈഡന്‍സ് സെന്‍റര്‍ ഡി.ജി.എം ഡോ. നാസര്‍ അല്‍ ഗന്‍ബൗസി, ഒമാന്‍ അക്കാദമിക് അഡ്മിനിസ്ട്രേഷന്‍ അതോറിറ്റി ഡയറക്ടര്‍ ഡോ. നാസര്‍ അല്‍ ഹിനായി, അല്‍ അഹ്ലം എജുക്കേഷനല്‍ സര്‍വിസസ് മാനേജിങ് ഡയറക്ടര്‍ കെയ്റ്റ് ക്ളാര്‍ക്ക് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.