മസ്കത്ത്: ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ബര്‍ക്ക അല്‍ ഫുലൈജില്‍ സ്ഥാപിക്കുന്ന സുല്‍ത്താന്‍ ഖാബൂസ് മെഡിക്കല്‍ സിറ്റിയുടെ പ്രാഥമിക രൂപകല്‍പനയായതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി അറിയിച്ചു. ഇതടക്കം ആരോഗ്യ മേഖലയില്‍ നിരവധി പദ്ധതികളാണ് നടപ്പാക്കുക.
അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുന്ന ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ ഈ പദ്ധതികളുടെയെല്ലാം പ്രാഥമിക നടപടിക്രമങ്ങളില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷം മന്ത്രാലയം ദോഫാറില്‍ എട്ട് ഹെല്‍ത്ത് സെന്‍ററുകളും ദാഖിലിയയില്‍ രണ്ടും ദാഹിറ, വടക്കന്‍ ബാത്തിന മേഖലകളില്‍ ഒന്നും ഹെല്‍ത്ത് സെന്‍ററുകള്‍ വീതം ഉദ്ഘാടനം ചെയ്തു. ഇതോടെ ഹെല്‍ത്ത് സെന്‍ററുകളുടെ എണ്ണം 180 ആയി ഉയര്‍ന്നു. ഇതോടൊപ്പം 23 ഹെല്‍ത്ത് കോംപ്ളക്സുകളും 49 ആശുപത്രികളും രാജ്യത്തുണ്ട്. ഹെല്‍ത്ത് കോംപ്ളക്സുകളിലും ആശുപത്രികളിലുമായി 4891 രോഗികള്‍ക്ക് ചികിത്സ തേടാന്‍ കഴിയും. നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ പൗരന്മാര്‍ക്ക് ലഭ്യമാക്കുന്നതിനായി മന്ത്രാലയം പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.
വൈദ്യശാസ്ത്ര പഠനത്തിനായി 13 സ്ഥാപനങ്ങളാണ് നിലവില്‍ രാജ്യത്തുള്ളത്. മന്ത്രാലയത്തിന് കീഴിലെ ജീവനക്കാരുടെ സ്വദേശിവത്കരണം 68 ശതമാനത്തിന് മുകളിലത്തെിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, ഡോക്ടര്‍മാരില്‍ 33 ശതമാനവും ഫാര്‍മസിസ്റ്റുകളില്‍ 84 ശതമാനവും സ്വദേശികളാണെന്നും പറഞ്ഞു. ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് എട്ടാം പഞ്ചവത്സര പദ്ധതി കാലത്ത് മന്ത്രാലയം പ്രധാനമായും ശ്രദ്ധയൂന്നിയത്. ഇതുവഴി ആരോഗ്യ രംഗത്തെ സേവനങ്ങള്‍ എല്ലാവര്‍ക്കും എത്തിക്കാന്‍ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2013ലാണ് ബര്‍ക്കയില്‍ മെഡിക്കല്‍ സിറ്റി സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2020ല്‍ പൂര്‍ത്തിയാകുമെന്ന് കരുതുന്ന മെഡിക്കല്‍ സിറ്റിക്ക് ശതകോടി ഡോളര്‍ ചെലവുവരുമെന്നാണ് കരുതുന്നത്.
പൊതുജനങ്ങള്‍ക്ക് ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി അഞ്ച് സ്പെഷലൈസ്ഡ് ആശുപത്രികളാകും മെഡിക്കല്‍ സിറ്റിയില്‍ ഉണ്ടാവുക. ഇതോടൊപ്പം രോഗനിര്‍ണയത്തിനായുള്ള അത്യാധുനിക ലബോറട്ടറികള്‍, വൈദ്യശാസ്ത്ര വിദ്യാര്‍ഥികളുടെ പഠനത്തിനും ഗവേഷണത്തിനുമുള്ള കേന്ദ്രങ്ങള്‍ എന്നിവയും ഉണ്ടാവും. ഓര്‍ഗന്‍ ട്രാന്‍സ്പ്ളാന്‍േറഷന്‍ സെന്‍റര്‍, പുനരധിവാസ കേന്ദ്രം, കുട്ടികളുടെ ആശുപത്രി, ജനറല്‍ ആശുപത്രി, ഹെഡ് ആന്‍ഡ് നെക്ക് ഹോസ്പിറ്റല്‍ എന്നിവയാകും പ്രാഥമിക ഘട്ടത്തില്‍ ഉണ്ടാവുക.
ആശുപത്രികളില്‍ എല്ലാമായി രണ്ടായിരത്തോളം കിടക്കകളുണ്ടാകും. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയുടെ ഭാഗമായാകും മെഡിക്കല്‍ സിറ്റിയുടെ പ്രവര്‍ത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.