മക്ക ഹൈപ്പര്‍മാര്‍ക്കറ്റിന്‍െറ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം

മസ്കത്ത്: മലയാളി ഉടമസ്ഥതയിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റിന്‍െറ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. മക്ക ഹൈപ്പര്‍മാര്‍ക്കറ്റിന്‍െറ മുലദ ഇന്ത്യന്‍ സ്കൂളിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന വെയര്‍ഹൗസില്‍ ഞായറാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. 3000 സ്ക്വയര്‍ മീറ്ററിലധികം വിസ്തൃതിയുള്ള ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ഒരു ദശലക്ഷത്തിലധികം റിയാലിന്‍െറ (ഏകദേശം 17 കോടി രൂപയോളം)  നാശനഷ്ടമുണ്ടായതായി ഉടമകളായ കെ.കെ.എച്ച് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് കുഞ്ഞി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ജീവനക്കാര്‍ ഉച്ച വിശ്രമത്തിന് പോയ സമയത്താണ് തീപിടിത്തം. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. മുലദ ഇന്ത്യന്‍ സ്കൂളിന് എതിര്‍വശത്തുള്ള വിശാലമായ കോമ്പൗണ്ടിലാണ് വെയര്‍ഹൗസ് പ്രവര്‍ത്തിക്കുന്നത്. ഫയര്‍ഫോഴ്സ് എത്തും മുമ്പ് ടാങ്കറിലും മറ്റും വെള്ളം കൊണ്ടുവന്ന് അടിച്ച് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മക്കയുടെ ഒമാനിലെ എല്ലാ ഷോറൂമുകളിലേക്കുമുള്ള സാധനങ്ങള്‍ ഇവിടെ നിന്നാണ് കൊണ്ടുപോകുന്നത്. വസ്ത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ടായിരുന്നു. ഇത് മുഴുവന്‍ കത്തിയമര്‍ന്നു. തീ നിയന്ത്രണാതീതമായതോടെ ബര്‍ക്ക, സുവൈഖ്, സഹം, റുസ്താഖ് തുടങ്ങി വിവിധ സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളില്‍നിന്നായി 12 യൂനിറ്റോളം ഫയര്‍ഫോഴ്സ് സ്ഥലത്തത്തെി. സന്ധ്യ കഴിഞ്ഞിട്ടും തീയണക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് എക്സ്കവേറ്റര്‍ ഉപയോഗിച്ച് കെട്ടിടം ഇടിച്ചുനിരത്താന്‍ തുടങ്ങി. രാത്രി വൈകിയും തീകെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.