മാലിന്യത്തില്‍നിന്ന് ഊര്‍ജവും വെള്ളവും ഉണ്ടാക്കുന്ന പ്ളാന്‍റ് ആരംഭിക്കുന്നു

മസ്കത്ത്: മാലിന്യത്തില്‍നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കാനും അതുപയോഗിച്ച് വെള്ളം ശുദ്ധീകരിക്കാനും ലക്ഷ്യമിടുന്ന പദ്ധതിക്ക് ഒമാന്‍ എന്‍വയണ്‍മെന്‍റ് സര്‍വിസസ് ഹോള്‍ഡിങ് കമ്പനി (ബിയാഹ്) തുടക്കമിടുന്നു. രാജ്യത്തിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതി സൗത് ബാത്തിന തീരത്ത് ആരംഭിക്കുകയാണ് ലക്ഷ്യം. ഇതിന്‍െറ ഭാഗമായി സാധ്യതാപഠനത്തിനുള്ള കണ്‍സല്‍ട്ടന്‍റിനെ നിയോഗിച്ചുകഴിഞ്ഞു. മുനിസിപ്പാലിറ്റി ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഉപയോഗിച്ച് പദ്ധതി പ്രാവര്‍ത്തികമാക്കുകയാണ് ലക്ഷ്യം. 2015 അവസാനത്തോടെ സാധ്യതാപഠനം നടത്തുകയും പദ്ധതി ആരംഭിക്കുകയുമാണ് ലക്ഷ്യമെന്ന്  ഒമാന്‍ എന്‍വയണ്‍മെന്‍റ് സര്‍വിസസ് ഹോള്‍ഡിങ് കമ്പനി ബിസിനസ് ഡെവലപ്മെന്‍റ് മേധാവി ഫഹദ് അലി അല്‍ ഖറൂസി വ്യക്തമാക്കി.  
ഏതു തരത്തിലുള്ള മാലിന്യമാണ് വേണ്ടത്, പ്ളാന്‍റില്‍ ഏത് സാങ്കേതികവിദ്യ ഉപയോഗിക്കണം, സൗത് ബാത്തിന തീരത്ത് അനുയോജ്യ സ്ഥലം കണ്ടത്തെല്‍, സാമ്പത്തികമാതൃക തയാറാക്കല്‍ തുടങ്ങിയവയാണ് പ്രായോഗികപഠനത്തിനായി തെരഞ്ഞെടുത്ത കണ്‍സല്‍ട്ടന്‍റിന്‍െറ ചുമതലകള്‍. പ്രതിദിനം 2100 ടണ്‍ മാലിന്യമാണ് പ്ളാന്‍റിന്‍െറ പ്രവര്‍ത്തനത്തിനായി മാറ്റിവെക്കുക. ഇതുപയോഗിച്ച് പ്രതിവര്‍ഷം 73 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലം ശുദ്ധീകരിക്കാനുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. രാജ്യത്തെ ശുദ്ധീകരിക്കേണ്ട ജലത്തിന്‍െറ 30 ശതമാനവും ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഊര്‍ജം ഉപയോഗിച്ച് സാധിക്കുമെന്ന് ഫഹദ് അലി അല്‍ ഖറൂസി പറഞ്ഞു. 
ഒരു ടണ്‍ മാലിന്യത്തില്‍നിന്ന് 104.5 ടണ്‍ ജലം ശുദ്ധീകരിക്കാനുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഏകദേശ കണക്ക്. 2016 മധ്യത്തോടെ സാധ്യതാപഠന റിപ്പോര്‍ട്ട് ലഭിക്കും. 
പദ്ധതി സംബന്ധിച്ച് വാണിജ്യ മന്ത്രാലയം, പബ്ളിക് അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍, ഒമാന്‍ പവര്‍ ആന്‍ഡ് വാട്ടര്‍ പ്രൊക്യുര്‍മെന്‍റ് കമ്പനി, അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി റെഗുലേഷന്‍ എന്നിവയില്‍ അവതരണങ്ങള്‍ നടന്നിട്ടുണ്ട്. 
ബിയാഹിന്‍െറ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യ അപകടകരമായ വ്യവസായിക മാലിന്യനിര്‍മാര്‍ജന പ്ളാന്‍റും ആരംഭിക്കുന്നുണ്ട്. സൊഹാര്‍ വ്യവസായ മേഖലയിലാണ് പ്ളാന്‍റ് ആരംഭിക്കുക. രാജ്യത്ത് അപകടകരമായ വ്യവസായിക മാലിന്യത്തിന്‍െറ 90 ശതമാനവും വരുന്നത് സൊഹാര്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍നിന്നാണ്. 240 ഹെക്ടറിലാണ് പ്ളാന്‍റ് നിര്‍മിക്കുക.  ആരോഗ്യ പരിചരണ സ്ഥാപനങ്ങളില്‍നിന്നുള്ള മെഡിക്കല്‍ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് മൂന്ന് പ്ളാന്‍റുകളുംകൂടി ആരംഭിക്കുന്നുണ്ട്. സൊഹാര്‍, തുംറൈത്ത് എന്നിവിടങ്ങളില്‍ 2015ലും ബര്‍ക്കയില്‍ 2017ലും പ്ളാന്‍റ് പ്രാവര്‍ത്തികമാകും. മസ്കത്ത് ഗവര്‍ണറേറ്റിലെ 90 ശതമാനം മെഡിക്കല്‍ മാലിന്യങ്ങളും ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് അല്‍ മുല്‍തഖ പ്ളാന്‍റിലാണ്. ഇവിടെ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി വിപുലീകരണവും നടക്കും. 
മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്ന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക, മാലിന്യനിര്‍മാര്‍ജനം സ്വകാര്യവത്കരിക്കുകയും വാണിജ്യവത്കരിക്കുകയും ചെയ്യുക, ഒമാനിന്‍െറ സുസ്ഥിര-പാരിസ്ഥിതിക ഭാവി ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് ബിയാഹ് പദ്ധതികള്‍ നടപ്പാക്കുന്നത്. 
രാജ്യത്ത് മുനിസിപ്പാലിറ്റികളില്‍നിന്നുള്ള മാലിന്യങ്ങള്‍ തള്ളുന്ന 300 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുകയാണ്. ഇതിന്‍െറ ഭാഗമായി 2016ഓടെ 13 എന്‍ജിനിയേഡ് ലാന്‍ഡ്ഫില്ലുകളും 34 ട്രാന്‍സ്ഫര്‍ സ്റ്റേഷനുകളും സ്ഥാപിക്കും. അപകടകരമായ മാലിന്യങ്ങള്‍ മണ്ണിലേക്കും വാതകങ്ങള്‍ വായുവിലേക്കും ചേരാതിരിക്കാനുള്ള സാങ്കേതികവിദ്യകളും മറ്റും ലാന്‍ഡ്ഫില്ലുകളില്‍ സ്ഥാപിക്കുന്നുണ്ട്. ട്രാന്‍സ്ഫര്‍ സ്റ്റേഷനുകളില്‍വെച്ച് മാലിന്യങ്ങള്‍ വേര്‍തിരിച്ചശേഷം മാത്രമാണ് ലാന്‍ഡ്ഫില്ലുകളിലേക്ക് മാറ്റുക. ഇതുവരെ നാല് ലാന്‍ഡ്ഫില്ലുകളും ഒമ്പത് ട്രാന്‍സ്ഫര്‍ സ്റ്റേഷനുകളും പൂര്‍ത്തിയായിട്ടുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.