കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങൾക്ക് ‘ട്രാവൽ ബാൻ’ നേരിടുന്നവർക്ക് വിലക്ക് നീങ്ങാൻ ഓൺലൈനായി അപേക്ഷ നൽകാം.
ഏകീകൃത സർക്കാർ ഇലക്ട്രോണിക് സേവന ആപ്ലിക്കേഷനായ സഹൽ വഴിയാണ് 'യാത്രാ നിരോധന അപേക്ഷ' നൽകേണ്ടത്. ഈ സേവനം കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചതായി നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.
‘ട്രാവൽ ബാൻ’ നേരിടുന്നവർക്ക് യാത്രാ നിരോധന അഭ്യർഥനകൾ സമർപ്പിക്കാനും അനുബന്ധ ഫീസ് അടക്കാനും അപേക്ഷകളുടെ പുരോഗതി ട്രാക്ക് ചെയ്യാനും ഈ പുതിയ സേവനത്തിൽ സൗകര്യമുണ്ട്. സഹൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന ജനറൽ ഡിപ്പാർട്മെന്റ് ഓഫ് എൻഫോഴ്സ്മെന്റിന്റെ വിവിധ സൗകര്യങ്ങളുടെ ഭാഗമാണ് 'യാത്രാ നിരോധന അഭ്യർഥന' സേവനവും. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ലളിതമാക്കുക എന്ന ലക്ഷ്യത്തിൽ സഹൽ ആപ്ലിക്കേഷനിലൂടെ കൂടുതൽ സേവനങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധതയും മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, കേസ് സ്റ്റേറ്റ്മെന്റുകൾ, വിധികൾ, ജുഡീഷ്യൽ ഉത്തരവുകൾ എന്നിവയുൾപ്പെടെ കോടതി അറിയിപ്പുകൾ നൽകുന്നതിനുള്ള പുതിയ ഇലക്ട്രോണിക് രീതികൾക്ക് അംഗീകാരം നൽകിക്കൊണ്ടുള്ള മന്ത്രിതല തീരുമാനം നീതിന്യായ മന്ത്രി നാസർ അൽ സുമൈത് പുറപ്പെടുവിച്ചു.
നടപടിക്രമങ്ങൾ കാര്യക്ഷമമാക്കൽ, വിശ്വസനീയമായ ആശയവിനിമയം ഉറപ്പാക്കൽ, നീതിന്യായ വ്യവസ്ഥയുടെ നവീകരണം, കാര്യക്ഷമത വർധിപ്പിക്കൽ എന്നിവയുടെ ഭാഗമായാണ് നടപടി.
കുവൈത്ത് മൊബൈൽ ഐഡി, സഹൽ ആപ്, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനിൽ രജിസ്റ്റർ ചെയ്ത ഇമെയിലുകൾ, വെബ് സേവനങ്ങൾ, എസ്.എം.എസ് എന്നിവ വഴി അറിയിപ്പുകൾ കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.