പി.എം.എ. സലാം, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, കെ.എന്‍ ഷാജി എന്നിവർ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: വർഗീയത പറഞ്ഞും ജനങ്ങളെ ഭിന്നിപ്പിച്ചും തെറ്റായ പ്രചാരണങ്ങൾ നടത്തിയുമാണ് സി.പി.എം കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. തെരഞ്ഞെടുപ്പിലെ ഫലമല്ല കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയെന്നും ഇടതുപക്ഷം സ്വീകരിച്ച കടുത്ത വർഗീയതയും നിലപാടുകളുമാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ട് മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ്. ഇതിനിടയിൽ യു.ഡി.എഫിനെ തോൽപിക്കാനുള്ള സി.പി.എം ശ്രമം ബി.ജെ.പിയെ വിജയിപ്പിക്കാനാണ് എന്നത് വ്യക്തമാണ്. നാല് വോട്ടിന് വേണ്ടി എന്തും ചെയ്യാമെന്ന നിലപാടിലാണ് സി.പി.എം. തെരഞ്ഞെടുപ്പിൽ പിണറായിയും സി.പി.എമ്മും സ്വീകരിച്ച നിലപാട് കേരളീയ പൊതുസമൂഹം മനസ്സിലാക്കിയിട്ടുണ്ട്. അതിന്റെ ഫലം കൂടിയാകും തെരഞ്ഞെടുപ്പ് റിസൽട്ട്.
കേരളത്തിലെ മതേതര ഭൂമികയിലേക്ക് വർഗീയതകൊണ്ടുവരാനുള്ള ബി.ജെ.പി നീക്കങ്ങളിലും പൊതുസമൂഹം ബോധവാന്മാരാകണം അതിനെതിരെ മതേതര കൂട്ടായ്മ രൂപപ്പെടണം. ലീഗ് യു.ഡി.എഫിന്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പി.എം.എ. സലാം കൂട്ടിച്ചേർത്തു.
സി.പി.എം നിലപാടും ഇടപെടലും നൂറ് ശതമാനം ന്യൂനപക്ഷങ്ങൾക്ക് എതിരാണ്. അതേസമയം അവരുടെ വോട്ട് വാങ്ങാൻ കൃത്രിമമായി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമവും നടത്തും. ഈ വ്യാജ പ്രീണനം ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമാകും. ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് ഗുണം ലഭിക്കാനാണ് ഇടതുപക്ഷം പാലക്കാട് ശ്രമിച്ചത്.
തിരഞ്ഞെടുപ്പ് തലേന്ന് വിവാദപരമായ പരസ്യം കൊടുത്തത് അതിന്റെ ഭാഗമായാണ്. പരാജയഭീതികൊണ്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാണക്കാട് തങ്ങള്‍ കുടുംബത്തെ പോലും ആക്രമിച്ചത്. പ്രധാനമന്തിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും തൃപ്തിപ്പെടുത്താനാണ് ദേശീയ മാധ്യമത്തില്‍ മുഖ്യമന്ത്രി അഭിമുഖം നല്‍കിയതെന്നും പി.എം.എ. സലാം ആരോപിച്ചു.
മുസ്ലിം ലീഗ് സമസ്തക്കും സമസ്ത മുസ്ലിം ലീഗിനും എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തികഞ്ഞ അനാസ്ഥയാണ് തുടരുന്നതെന്നും ചൂണ്ടികാട്ടി. കെ.എം.സി.സി സംഘടിപ്പിക്കുന്ന തംകീന്‍ മഹാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈത്തിൽ എത്തിയതായിരുന്നു പി.എം.എ. സലാം. ലീഗ് നേതാക്കളായ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, കെ.എന്‍. ഷാജിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.