ജാസിം അൽ ബുദൈവി

ആക്രമണങ്ങളെ അപലപിച്ച് ജി.സി.സി സെക്രട്ടറി ജനറൽ

കുവൈത്ത് സിറ്റി: അടിസ്ഥാന സൗകര്യങ്ങളും എണ്ണ സ്രോതസ്സുകളും മന:പൂർവ്വം ലക്ഷ്യം വെക്കുന്നതുൾപ്പെടെ ജി.സി.സി രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ശക്തമായി അപലപിച്ചു.

ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും, പ്രാദേശിക സ്ഥിരതക്കും ആഗോള ഊർജ്ജ സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ജി.സി.സി രാജ്യങ്ങളിൽ ആക്രമണം തുടരുന്നത് സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തും. ജി.സി.സി രാജ്യങ്ങളെ സൈനിക നടപടികൾക്ക് കുറ്റപ്പെടുത്തുന്ന ഇറാന്റെ അവകാശവാദങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു. രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ, പ്രാദേശികവും ആഗോളവുമായ സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ ജി.സി.സി രാജ്യങ്ങൾ ഉറച്ചുനിൽക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സുരക്ഷ,സ്ഥിരത,വിഭവങ്ങൾ, സമ്പത്ത് എന്നിവ സംരക്ഷിക്കുന്നതിനും ആക്രമണങ്ങളോട് പ്രതികരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ജി.സി.സി രാജ്യങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്നും വ്യക്തമാക്കി.

ആക്രമണങ്ങളെ അപലപിച്ചും, പ്രതിരോധ നിലപാട് സ്വീകരിച്ചും, പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിന് ഇടപെട്ടും അന്താരാഷ്ട്ര സമൂഹം അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും ജാസിം അൽ ബുദൈവി ആവശ്യപ്പെട്ടു. 

Tags:    
News Summary - GCC Secretary General condemns attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.