കുവൈത്ത് സിറ്റി: വേൾഡ് ഡെമോക്രസി ഇൻഡക്സ് റാങ്കിങ്ങില്‍ ഗള്‍ഫ് മേഖലയില്‍ കുവൈത്തിന് ഒന്നാം സ്ഥാനം. ബ്രിട്ടീഷ് ഇക്കണോമിസ്റ്റ് ഇൻഫർമേഷനാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
ബഹുസ്വരത, പൗരാവകാശം, രാഷ്ട്രീയ സംസ്കാരം തുടങ്ങി അഞ്ച് വിഭാഗങ്ങളിലായി 60 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കുന്നത്. ഇവയിൽ കുവൈത്ത് ഉയർന്ന നിലവാരം പ്രകടിപ്പിച്ചതായി പട്ടിക സൂചിപ്പിക്കുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന ജനാധിപത്യത്തിന്റെ തോതും മനുഷ്യ സ്വാതന്ത്ര്യവും മനുഷ്യാവകാശ സംരക്ഷണവും എല്ലാം കണക്കിലെടുത്താണ് സൂചിക തയാറാക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ കുവൈത്ത്, അറബ് മേഖലയില്‍ നാലാം സ്ഥാനവും നേടി. അതേസമയം, ആഗോളാടിസ്ഥാനത്തില്‍ 110ാം സ്ഥാനത്തായിരുന്ന കുവൈത്ത് ഒരു സ്ഥാനം നഷ്ടപ്പെട്ട് 111ലെത്തി. ജി.സി.സി രാജ്യങ്ങളില്‍ ഖത്തർ, ഒമാൻ, യു.എ.ഇ, ബഹ്റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് കുവൈത്തിന് തൊട്ടുപിന്നിലുള്ളത്. ആഗോളതലത്തിലെ റാങ്കിങ്ങില്‍ നോർവേ ഒന്നാമതെത്തി. 167 രാജ്യങ്ങളിൽ ഏറ്റവും പിറകിലുള്ളത് അഫ്ഗാനിസ്താനും മ്യാന്മറുമാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സൂചിക കണക്കാക്കിയ പകുതിയിലധികം രാജ്യങ്ങളുടെയും സ്കോറുകളില്‍ ഇടിവുണ്ടായതായി പ്രാദേശിക മാധ്യമം അൽ സെയാസ റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.