കുവൈത്ത് സിറ്റി: മേഖലക്കകത്തോ പുറത്തോ ഒരു സംഘർഷത്തിലും കുവൈത്ത് കക്ഷിയല്ലെന്നും ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലന്നും വ്യക്തമാക്കി കുവൈത്ത് മന്ത്രിസഭ. നിഷ്പക്ഷത, അന്താരാഷ്ട്ര നിയമങ്ങൾ, നല്ല അയൽപക്ക ബന്ധം എന്നിവയിൽ അധിഷ്ഠിതമായ മിതമായ വിദേശനയമാണ് കുവൈത്ത് പിന്തുടരുന്നതെന്നും മന്ത്രിസഭ ആവർത്തിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.
കുവൈത്തിലെ നിരവധി സുപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇറാനും അവരുടെ മിലിഷ്യകളും പ്രോക്സികളും നടത്തിയ ഡ്രോൺ ആക്രമണങ്ങളെ യോഗം അപലപിച്ചു. ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമം, മാനുഷിക നിയമം, യു.എൻ ചാർട്ടർ എന്നിവയുടെ നഗ്നമായ ലംഘനമാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്നും മന്ത്രിസഭ മുന്നറിയിപ്പ് നൽകി. കുവൈത്തിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇറാൻ നിരുപാധികമായി നിർത്തണമെന്നും ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭ ചാർട്ടർ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശം കുവൈത്ത് നിലനിർത്തുന്നു. സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. സൗദി അറേബ്യയിലെ ഊർജ്ജ സൗകര്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും മന്ത്രിസഭ അപലപിച്ചു.
ലബനാനിൽ ഇസ്രായേൽ നടത്തുന്ന ഭീകരമായ ആക്രമണങ്ങളെയും മന്ത്രിസഭ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ രക്ഷ കൗൺസിൽ പ്രമേയത്തിന്റെയും നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടപടികൾ. മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇസ്രായേൽ ആക്രമണങ്ങൾ ദുർബലപ്പെടുത്തുമെന്നും മന്ത്രിസഭ പറഞ്ഞു.
ലബനാന് കുവൈത്തിന്റെ ഐക്യദാർഢ്യം ആവർത്തിച്ച മന്ത്രിസഭ, ഇസ്രായേയലിന് മേൽ കുറ്റം ചുമത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹം,യു.എൻ രക്ഷ കൗൺസിൽ എന്നിവയെ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.