പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: മേഖലക്കകത്തോ പുറത്തോ ഒരു സംഘർഷത്തിലും കുവൈത്ത് കക്ഷിയല്ലെന്നും, ഒരു രാജ്യത്തിനെതിരെയും ആക്രമണം നടത്താൻ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലന്നും വ്യക്തമാക്കി കുവൈത്ത് മന്ത്രിസഭ.
നിഷ്പക്ഷത, അന്താരാഷ്ട്ര നിയമങ്ങൾ, നല്ല അയൽപക്ക ബന്ധം എന്നിവയിൽ അധിഷ്ഠിതമായ മിതമായ വിദേശനയമാണ് കുവൈത്ത് പിന്തുടരുന്നതെന്നും മന്ത്രിസഭ ആവർത്തിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.
കുവൈത്തിലെ നിരവധി സുപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇറാനും അവരുടെ മിലിഷ്യകളും പ്രോക്സികളും നടത്തിയ ഡ്രോൺ ആക്രമണങ്ങളെ യോഗം അപലപിച്ചു. ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമം, മാനുഷിക നിയമം, യു.എൻ ചാർട്ടർ എന്നിവയുടെ നഗ്നമായ ലംഘനമാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്നും മന്ത്രിസഭ മുന്നറിയിപ്പ് നൽകി. കുവൈത്തിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇറാൻ നിരുപാധികമായി നിർത്തണമെന്നും ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭ ചാർട്ടർ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശം കുവൈത്ത് നിലനിർത്തുന്നു. സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. സൗദി അറേബ്യയിലെ ഊർജ്ജ സൗകര്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും മന്ത്രിസഭ അപലപിച്ചു.
ലബനാനിൽ ഇസ്രായേൽ നടത്തുന്ന ഭീകരമായ ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ രക്ഷാ കൗൺസിൽ പ്രമേയത്തിന്റെയും നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടപടികൾ. മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇസ്രായേൽ ആക്രമണങ്ങൾ ദുർബലപ്പെടുത്തുമെന്നും മന്ത്രിസഭ പറഞ്ഞു.
ലബനാന് കുവൈത്തിന്റെ ഐക്യദാർഢ്യം ആവർത്തിച്ച മന്ത്രിസഭ, ഇസ്രായേയലിന് മേൽ കുറ്റം ചുമത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹം,യു.എൻ രക്ഷാ കൗൺസിൽ എന്നിവയെ ഉണർത്തി.
പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രിസഭ
കുവൈത്ത് സിറ്റി: ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽ സിസി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് അയച്ച കത്ത്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ടെലിഫോൺ സംഭാഷണം എന്നിവ യോഗം വിലയിരുത്തി.
പ്രതിരോധ മന്ത്രാലയത്തിന്റെ സപ്ലൈ ആൻഡ് ലോജിസ്റ്റിക്സ് അതോറിറ്റിയിൽ നടത്തിയ സന്ദർശനത്തിന്റെ ഫലങ്ങൾ പ്രധാനമന്ത്രി മന്ത്രിസഭാംഗങ്ങളെ ധരിപ്പിച്ചു.
രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള തീവ്രവാദ പദ്ധതി തകർത്ത സുരക്ഷാ നടപടിയെക്കുറിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് വിശദീകരിച്ചു. വിഷയത്തിൽ സുരക്ഷാ ഏജൻസികൾ നടത്തിയ ശ്രമങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു. മേഖലയിലെ ഏറ്റവും പുതിയ സൈനിക സംഭവവികാസങ്ങളെക്കുറിച്ചും, ഇറാൻ അടുത്തിടെ രാജ്യത്തിനെതിരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ചും പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് വ്യക്തമാക്കി.
കുവൈത്തിന്റെ പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ നയതന്ത്ര ശ്രമങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് യോഗത്തിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.