കുവൈത്ത് സിറ്റി: രാജ്യത്ത് ഫോൺ വഴി പുതിയ തട്ടിപ്പിന് ശ്രമം നടക്കുന്നതായി സൂചന. അന്താരാഷ്ട്ര ഫോൺ കാൾ വഴി പണം തട്ടുന്ന സംഘം രാജ്യത്തെ ജനങ്ങളെ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. കുവൈത്ത് പൗരന്മാർക്കും പ്രവാസികൾക്കും ലഭിച്ച സംശയാസ്പദമായ അന്താരാഷ്ട്ര ഫോൺ കാളുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വർധനവ് ഉണ്ടായിട്ടുണ്ട്.
ഈ കോളുകൾ സംഘടിത ആഗോള സൈബർ തട്ടിപ്പിന്റെ ഭാഗമാണെന്നാണ് സൂചന. പലപ്പോഴും ഒറ്റ റിംഗും തുടർന്ന് ഉടനടി വിച്ഛേദിക്കപ്പെടുന്നതുമാകും ഇത്തരം കാളുകൾ. അന്താരാഷ്ട്രതലത്തിൽ ‘വാംഗിരി സ്കാം’ എന്നറിയപ്പെടുന്ന ഒരു തന്ത്രമാണിത്.
റിംഗ് കണ്ട് ആകാംഷ മൂലം തിരിച്ചു വിളിച്ചാൽ പ്രീമിയം നിരക്കുള്ള അന്താരാഷ്ട്ര നമ്പറുകളിലേക്കായിരിക്കും കണക്ട് ആകുക. ഇതുവഴി ഫോൺ ബിൽ വൻതുകയാകാനും, അക്കൗണ്ടിലെ പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്.
വോയ്‌സ് സന്ദേശങ്ങൾ അല്ലെങ്കിൽ ഓട്ടോമേറ്റഡ് ട്രാൻസ്‌ഫറുകൾ വഴി വിളിക്കുന്നയാളുടെ സമയം ദീർപ്പിക്കൽ, മിനിറ്റിന് അമിതമായ നിരക്കുകൾ എന്നിവയുൾപ്പെടെ നിരവധി രൂപങ്ങളിൽ തട്ടിപ്പ് നടക്കുന്നു. വ്യാജ സാമ്പത്തിക ഇടപാടുകൾ പോലുള്ള മറ്റ് തട്ടിപ്പുകളിൽ പിന്നീട് ഉപയോഗിക്കുന്നതിന് ശബ്‌ദം റെക്കോർഡുചെയ്യുന്നവരുമുണ്ട്.
ഇത്തരം കാളുകളിൽ ഭൂരിഭാഗവും അയൽരാജ്യങ്ങളിലെ നമ്പറുകളിൽ നിന്നാകും. എന്നാൽ ഇവയുടെ സ്രോതസ്സ് പലപ്പോഴും പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ, ചില കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നാകും.
ചില കാളുകൾ സാധാരണമാണെന്ന് തോന്നുമെങ്കിലും അവ ഒരു സംഘടിത സൈബർ തട്ടിപ്പ് പ്രവർത്തനത്തിന്റെ തുടക്കമാകാം. അക്കൗണ്ട് അപ്‌ഡേറ്റുകൾ മറ്റ് വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതെന്ന് വിശ്വസിപ്പിച്ച് വ്യാജ ലിങ്കുകൾ അടങ്ങിയ സന്ദേശങ്ങൾ അയക്കുന്ന തട്ടിപ്പുസംഘവുമുണ്ട്. ഇത്തരം ലിങ്കിൽ ക്ലിക്ക് ചെയ്യുന്നത് ഫോൺ ഹാക്ക് ചെയ്യുന്നതിനോ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുന്നതിനോ ഇടയാക്കും.
വാംഗിരി സ്കാം
ഒറ്റ റിംഗിൽ വിച്ഛേദിക്കപ്പെടുന്ന അന്താരാഷ്ട്ര ഫോൺ കോളുകളാണ് വാംഗിരി സ്കാം എന്ന പേരിൽ അറിയപ്പെടുന്ന പുതിയ തട്ടിപ്പ് രീതി.
പ്രവർത്തനരീതി
വിദേശ നമ്പറുകളിൽ നിന്ന് ഫോണിലേക്ക് മിസ്ഡ് കോൾ വരുന്നു. ആകാംഷ മൂലം തിരിച്ചു വിളിച്ചാൽ, അത് പ്രീമിയം നിരക്കുള്ള നമ്പറുകളിലേക്കായിരിക്കും കണക്ട് ആകുന്നത്. തിരിച്ചു വിളിക്കുന്നതിലൂടെ ഫോൺ ബിൽ വൻതുകയാകാനും, അക്കൗണ്ടിലെ പണം നഷ്ടപ്പെടാനും സാധ്യത.
പ്രതിരോധം
പരിചയമില്ലാത്ത വിദേശ നമ്പറുകളിൽ നിന്ന് മിസ്ഡ് കോൾ വന്നാൽ തിരിച്ചു വിളിക്കരുത്.
സംശയാസ്പദമായ നമ്പറുകൾ ബ്ലോക്ക് ചെയ്യുക.
ഒരു തവണ മാത്രം വരുന്ന കാളുകൾ അവഗണിക്കണം. അജ്ഞാത നമ്പറുകളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.