നിയമലംഘകർ ജാഗ്രതൈ പിടിയിലായാൽ നാടുകടത്തും

ഒരു മാസത്തിനിടെ 627 പേരെ നാടുകടത്തി • ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി

കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾക്ക് പിടിയിലാകുന്ന വിദേശികളെ വിചാരണകൂടാതെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്. നിയമലംഘനങ്ങൾക്ക് പിടിയിലാകുന്നവരെ നിരീക്ഷിക്കാനും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവരെ നാടുകടത്താനും ആഭ്യന്തര മന്ത്രാലയം വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി.

ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റും ആഭ്യന്തര മന്ത്രാലയവും നാടുകടത്തലിന് കാരണമായേക്കാവുന്ന കുറ്റകൃത്യങ്ങളുടെ പട്ടിക രൂപപ്പെടുത്തിയിട്ടുണ്ട്.ഗുരുതര സ്വഭാവത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങൾ, സ്പോൺസറുടെകീഴിൽ അല്ലാതെ ജോലി ചെയ്യൽ, താമസരേഖ ഇല്ലാതിരിക്കൽ, കുവൈത്ത് സമുദ്രപരിധിയിൽനിന്ന് അനുമതിയില്ലാതെ മത്സ്യബന്ധനം നടത്തൽ, പൊതുസ്ഥലങ്ങളിലും മരുപ്രദേശങ്ങളിലും മാലിന്യം ഉപേക്ഷിക്കൽ, പൊതു ധാർമികതക്ക് നിരക്കാത്ത പ്രവൃത്തികളിൽ ഏർപ്പെടൽ, താമസരേഖകളിൽ ഇല്ലാതിരിക്കൽ എന്നിവയെ ഗൗരവ കുറ്റകൃത്യമായി കണക്കാക്കും. ഇത്തരക്കാർ വിദേശികൾ ആണെങ്കിൽ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് മാൻപവർ അതോറിറ്റി, പരിസ്ഥിതി അതോറിറ്റി, വാണിജ്യ വ്യവസായ മന്ത്രാലയം എന്നീ വകുപ്പുകൾക്ക് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. താമസ നിയമലംഘകരെയും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും പിടികൂടുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധന കാമ്പയിൻ രാജ്യത്ത് സജീവമായി തുടരുകയാണ്. ഇതിന്റെ ചുവടുപിടിച്ചാണ്, ഗുരുതരമായ നിയമലംഘനങ്ങളുടെ പേരിൽ പിടിയിലാകുന്ന വിദേശികളെ വിചാരണ കൂടാതെ നാടുകടത്താനുള്ള തീരുമാനം കർശനമായി നടപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ നിയമലംഘനങ്ങൾക്ക് 627 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Violators will be deported if caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.