കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികൾക്ക് അനുവദിക്കുന്ന കുടുംബ വിസ നിയമങ്ങൾ കർശനമാക്കി. അപേക്ഷകളിൽ നിരവധി ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. വിസ ചട്ടങ്ങൾ ലംഘിച്ചതിന് കുവൈത്ത് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് അടുത്തിടെ നിരവധി പ്രവാസികളെ വിളിച്ചുവരുത്തിയതായും ‘അറബ് ടൈംസ്’ റിപ്പോർട്ടു ചെയ്തു. ഇത്തരക്കാരോട് ഒരു മാസത്തിനകം വിസ ചട്ടങ്ങളിൽ പറയുന്ന നിബന്ധനങ്ങൾ പാലിക്കാനോ അല്ലെങ്കിൽ കുടുംബങ്ങളെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കാനോ നിർദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
800 ദീനാർ ശമ്പളം ഉള്ളവർക്കാണ് രാജ്യത്ത് കുടുംബ വിസ അനുവദിക്കുക. ഇതുപ്രകാരം വിസ നേടി കുടുംബത്തെ എത്തിച്ച പലർക്കും വരുമാനത്തിൽ കുറവുള്ളതായി കണ്ടെത്തി. കുടുംബ വിസ ലഭിച്ചശേഷം ജോലി മാറ്റങ്ങളും മറ്റും കാരണം ശമ്പളത്തിൽ കുറവുവന്നവരുമുണ്ട്.
ഇത്തരം ചിലരെ ഡാറ്റ ക്രോസ്-വെരിഫിക്കേഷൻ ചെയ്യുന്ന ഓട്ടോമേറ്റഡ് സംവിധാനങ്ങൾ കണ്ടെത്തിയിരുന്നു.
പ്രവാസികൾക്ക് അവരുടെ ആശ്രിതർക്ക് മാന്യമായ ജീവിത നിലവാരം നൽകാൻ കഴിയുമെന്ന് ഉറപ്പാക്കുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 800 ദീനാർ ശമ്പള വ്യവസ്ഥ നടപ്പിലാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ 800 ദീനാർ ശമ്പളവും സർവകലാശാല ബിരുദം വേണമെന്ന നിബന്ധന ഉണ്ടായിരുന്നുവെങ്കിലും വിദ്യാഭ്യാസ യോഗ്യത പിൻവലിച്ചിരുന്നു.
ദേശീയതയോ വിദ്യാഭ്യാസ യോഗ്യതയോ പരിഗണിക്കാതെ എല്ലാ പ്രവാസികൾക്കും ശമ്പള വ്യവസ്ഥ പാലിക്കുന്നുണ്ടെങ്കിൽ കുടുംബ വിസക്ക് അപേക്ഷിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ദീർഘകാലമായി നിർത്തിവെച്ചിരുന്ന കുടുംബവിസ കഴിഞ്ഞ വർഷം ജനുവരിയിലാണ് പുനരാരംഭിച്ചത്. പ്രവാസികൾക്കിത് വലിയ ആശ്വാസം നൽകിയിരുന്നു. കുടുംബ സന്ദർശന വിസയും പുനരാരംഭിച്ചതോടെ രാജ്യത്ത് എത്തുന്ന കുടുംബങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.