പ്രതിയും പിടിച്ചെടുത്ത വസ്തുക്കളും
കുവൈത്ത് സിറ്റി: നിരോധിത ലഹരിമരുന്നായ മെത്താഫെറ്റമിൻ നിർമിച്ച് കടത്തുന്നയാൾ പിടിയിൽ. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ സാദ് അൽ അബ്ദുല്ലയിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
രാജ്യത്തേക്ക് നിയമവിരുദ്ധമായി കടത്തുന്ന രാസവസ്തുക്കൾ ഉപയോഗിച്ച് ഇയാൾ ലഹരി ഉൽപാദിപ്പിക്കുന്നതായി അധികൃതർ കണ്ടെത്തി.
പരിശോധനയിൽ മെത്താഫെറ്റമിൻ ഉൽപാദനത്തിൽ ഉപയോഗിക്കുന്ന 30 ലിറ്റർ അടിസ്ഥാന രാസവസ്തുക്കൾ, അന്തിമ ഘട്ടത്തിലുള്ള മൂന്ന് ലിറ്റർ മയക്കുമരുന്ന്, വിൽപനക്ക് തയാറായ ആറ് കിലോ മെത്താഫെറ്റമിൻ, വിവിധ രാസവസ്തുക്കൾ, നിർമാണ ഉപകരണങ്ങൾ എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രണ്ട് തോക്കുകളും നിരവധി വെടിയുണ്ടകളും കണ്ടെടുത്തു. കണ്ടുകെട്ടിയ വസ്തുക്കളുടെ ഏകദേശ വിപണി മൂല്യം ഏകദേശം 5,00000 ദീനാർ വരും. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിനും മയക്കുമരുന്ന് ഉൽപാദനത്തിലും വിതരണ ശൃംഖലകൾ തകർക്കുന്നതിനും ശക്തമായി ഇടപെടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.