ഒളിപ്പിച്ച മദ്യം പുറത്തെടുക്കുന്നു
കുവൈത്ത് സിറ്റി: കണ്ടെയ്നറിൽ ഒളിപ്പിച്ച് കുവൈത്തിലേക്ക് മദ്യം കടത്താനുള്ള ശ്രമം. ആഭ്യന്തര മന്ത്രാലയവും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസും തമ്മിലുള്ള സംയുക്ത പ്രവർത്തനത്തിൽ മദ്യം പിടിച്ചെടുത്തു. കേസിൽ രണ്ടു ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒരു ഗൾഫ് രാജ്യത്ത് നിന്ന് ശുഐബ തുറമുഖത്ത് എത്തിയ കണ്ടെയ്നറിൽ സംശയം തോന്നി നടത്തിയ നീക്കത്തിലാണ് മദ്യം കണ്ടെത്തിയതും പ്രതികൾ വലയിലായതും.
കണ്ടെയ്നർ ശൂന്യമാണെന്നായിരുന്നു രേഖ. എന്നാൽ സമഗ്രമായ പരിശോധനയിൽ കണ്ടെയ്നറിന്റെ ഉൾഭാഗത്ത് രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ പാക്ക് ചെയ്ത മദ്യം കണ്ടെത്തി.
അഹമദിയിലെ വെയർഹൗസിൽ എത്തുന്നതുവരെ കർശന സുരക്ഷ മേൽനോട്ടത്തിൽ കണ്ടെയ്നർ അധികൃതർ വിടാൻ അനുവദിച്ചു. ഇവിടെ കണ്ടെയ്നർ സ്വീകരിക്കാൻ കാത്തിരുന്ന രണ്ടു ഏഷ്യൻ പൗരന്മാരാണ് പിടിയിലായത്.
മദ്യം വിതരണം ചെയ്യാൻ പുറം രാജ്യത്ത് താമസിക്കുന്ന ഒരാൾ നിർദേശം നൽകിയിരുന്നതായി പിടിയിലായവർ സൂചിപ്പിച്ചു. രാജ്യത്ത് സുരക്ഷയും സമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്തുന്നതിനായി കള്ളക്കടത്തുകാരെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.