കുവൈത്ത് സിറ്റി: സ്വദേശികള്‍ താമസിക്കുന്ന പാര്‍പ്പിടമേഖലയില്‍ പ്രവാസി അവിവാഹിതർ താമസിക്കുന്നത് തടയാൻ കർശന പരിശോധന. കഴിഞ്ഞ ദിവസം അൽ ഖസർ, സുലൈബിഖാത്ത്, ദോഹ പ്രദേശങ്ങളിൽ മുനിസിപ്പാലിറ്റി അധികൃതർ പരിശോധന നടത്തി. പരിശോധനയില്‍ അവിവാഹിതർ താമസിക്കുന്നതായി കണ്ടെത്തിയ 415 വീടുകളുടെ വൈദ്യുതിബന്ധം വിച്ഛേദിച്ചതായി അധികൃതര്‍ അറിയിച്ചു. വൈദ്യുതി-ആഭ്യന്തര മന്ത്രാലയവും ക്യാപിറ്റൽ, ജഹ്റ മുനിസിപ്പാലിറ്റിയും സംയുക്തമായാണ് പരിശോധന നടത്തിയത്.
രാജ്യത്ത് കുവൈത്തി പൗരന്മാര് പാര്‍ക്കുന്ന മേഖലകളില്‍ പ്രവാസി അവിവാഹിതർ താമസിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍, നിരവധി പ്രവാസികളാണ് അനധികൃതമായി ഇവിടങ്ങളില്‍ താമസിക്കുന്നത്. കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികളെ പൂർണമായി സ്വദേശി പാർപ്പിട മേഖലകളിൽനിന്ന് ഒഴിപ്പിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. ഇഖാമ കാലാവധി കഴിഞ്ഞവരടക്കമുള്ളവര്‍ സ്വദേശി മേഖലയില്‍ താമസിക്കുന്നത് സുരക്ഷാഭീഷണിയാണെന്നും ഇത്തരക്കാർക്ക് താമസസൗകര്യമൊരുക്കുന്ന കെട്ടിട ഉടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം, പാര്പ്പിടവിഷയം പഠിക്കാൻ ചുമതലപ്പെടുത്തിയ സമിതിയുടെ ആറു മാസത്തെ റിപ്പോർട്ട് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസ് മുനിസിപ്പൽ കാര്യ മന്ത്രി ഫഹദ് അൽ ഷൂലക്ക് സമർപ്പിച്ചതായി പ്രാദേശിക മാധ്യമമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്ത് സിറ്റി: താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 263 പ്രവാസികൾ അറസ്റ്റിലായി. തൊഴിൽ സേന, കുവൈത്ത് മുനിസിപ്പാലിറ്റി, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. അൽ മുത്ല മേഖലയിലേക്കുള്ള പ്രധാന റോഡിൽ 103 പ്രവാസികൾ അനുമതിയില്ലാതെ നിർമാണസാമഗ്രികൾ വിറ്റഴിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ഫർവാനിയ, ജ്ലീബ് അൽ ഷുയൂഖ്, അംഘാറ മേഖലകളിൽനിന്ന് 160 പേരെയും പരിശോധനസംഘം പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.