കുവൈത്ത് സിറ്റി: അധിനിവേശ വെസ്റ്റ് ബാങ്കിൽ പുതിയ കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് ഇസ്രായേൽ അധിനിവേശ സർക്കാർ അംഗീകാരം നൽകിയതിനെ കുവൈത്ത് ശക്തമായി അപലപിച്ചു.
19 പുതിയ കുടിയേറ്റ കേന്ദ്രങ്ങൾക്കാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ സർക്കാർ അംഗീകാരം നൽകിയത്. ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രസക്തമായ അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങളുടെയും, യു.എൻ സുരക്ഷ കൗൺസിലിന്റെയും നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഫലസ്തീൻ പ്രദേശങ്ങളിലെ നിയമവിരുദ്ധ കുടിയേറ്റ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്താനും വിഷയത്തിൽ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അന്താരാഷ്ട്ര സമൂഹത്തോട് കുവൈത്ത് അഭ്യർഥിച്ചു.
കിഴക്കൻ ജറുസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള നിയമാനുസൃത പോരാട്ടത്തിൽ ഫലസ്തീൻ ജനതക്കുള്ള പിന്തുണയും അചഞ്ചലമായ നിലപാടും കുവൈത്ത് ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.