കുവൈത്ത് സിറ്റി: രാജ്യത്തെ നീതിന്യായ സംവിധാനത്തെ ആധുനികമാക്കാൻ നീക്കം. ഇലക്ട്രോണിക് സംവിധാനത്തിനായുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ക്രിമിനൽ നടപടിക്രമ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് നിയമം, ഡിജിറ്റൽ നീതിന്യായത്തിലേക്കുള്ള രാജ്യത്തിന്റെ വലിയൊരു ചുവടുവെപ്പാണ്.പുതിയ സംവിധാനം വഴി കോടതികൾക്ക് അപേക്ഷ സ്വീകരിക്കുന്നത് മുതൽ വിധികൾ പുറപ്പെടുവിക്കുന്നതുവരെ എല്ലാ ഘട്ടങ്ങളും ഇലക്ട്രോണിക് മാർഗത്തിലൂടെ നടത്താനാകും.
പൊതു വിചാരണകളോ സാക്ഷി വാദങ്ങളോ ഇല്ലാതെ പിഴ ചുമത്തുന്ന വിധികൾ നൽകുന്നതിനാൽ കേസുകളുടെ പരിഗണന വേഗത്തിലാകുകയും, കോടതികളിലെ തിരക്ക് കുറയുകയും ചെയ്യുമെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. വർഷങ്ങളായി നിലനിൽക്കുന്ന ലക്ഷക്കണക്കിന് പേപ്പർ ഫയലുകളുടെ ഭാരവും ഡിജിറ്റൽ സംവിധാനം വഴി കുറക്കാനാകുമെന്നാണ് പ്രതീക്ഷ. പൂർണ്ണമായ ഇലക്ട്രോണിക് ഡോക്യുമെന്റേഷൻ ഉറപ്പാക്കുന്നതിലൂടെ സുതാര്യതയും കൃത്യതയും വർധിക്കും.
ഡിജിറ്റൽ നീതിന്യായത്തിലേക്കുള്ള ആഗോള പ്രവണതകളോട് കുവൈത്ത് ചുവടൊപ്പിക്കുകയാണെന്നും, 1960ലെ ക്രിമിനൽ നടപടിക്രമ നിയമം ഭേദഗതി ചെയ്യുന്ന ഈ നിയമം നീതിന്യായ മേഖലയിലെ ഡിജിറ്റൽ മാറ്റത്തിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.