കുവൈത്ത് സിറ്റി: കോവിഡ്, ഇൻഫ്ലുവൻസ എന്നിവ ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നതായി പഠന റിപ്പോര്‍ട്ടുകള്‍. വൈറസ് ബാധകൾ കഴിഞ്ഞാലും ഹൃദയ പരിശോധനകൾ അവഗണിക്കരുതെന്ന് കുവൈത്തിലെ കാർഡിയോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്കി.
ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കോവിഡ് ബാധക്ക് ശേഷമുള്ള ആദ്യ ആഴ്ചകളിൽ ഹൃദയാഘാത സാധ്യത മൂന്നിരട്ടിയും ഫ്ലൂവിന് ശേഷം നാലിരട്ടിയും വർധിക്കുന്നു. ലോകമെമ്പാടുമുള്ള 150ലധികം ഗവേഷണങ്ങൾ പരിശോധിച്ച പഠനത്തിൽ വൈറസുകൾ ഹൃദയത്തെയും രക്തക്കുഴലുകളെയും ദീർഘകാലമായി ബാധിക്കുന്നതായും കണ്ടെത്തി.
അണുബാധ മൂലമുള്ള വീക്കം രക്തക്കട്ട രൂപപ്പെടാനും ഹൃദയത്തിലേക്കോ തലച്ചോറിലേക്കോ രക്തയോട്ടം തടസ്സപ്പെടാനും കാരണമാകുന്നുവെന്ന് ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ധർ സൂചിപ്പിച്ചു. ഹെപ്പറ്റൈറ്റിസ് സി, എച്ച്.ഐ.വി, ഷിംഗിൾസ് തുടങ്ങിയ വൈറസുകളും ദീർഘകാല ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വൈറസുകൾക്കെതിരായ ഏറ്റവും ഫലപ്രദമായ പ്രതിരോധം വാക്സിനുകളാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയവും ഓർമിപ്പിച്ചു. കോവിഡ്, ഇൻഫ്ലുവൻസ, ഷിംഗിൾസ് വാക്സിനുകൾ അണുബാധയുടെ തീവ്രതയും ഹൃദയ സംബന്ധമായ അപകടസാധ്യതയും കുറക്കുമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.