കുവൈത്ത് സിറ്റി: രാജ്യത്ത് ഉയർന്ന താപനിലയിൽ ഇടിവ്. നിലവിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് താഴേക്ക് എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതിൽ ക്രമാനുഗതമായ കുറവ് അനുഭവപ്പെടും. നിലവിൽ രാവിലെയും രാത്രിയും രാജ്യത്ത് സുഖകരമായ കാലാവസ്ഥയാണ്.
ഈ മാസം അവസാനത്തിലും അടുത്ത മാസം തുടക്കത്തിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. തുടർന്ന് രാജ്യം തണുപ്പ് സീസണിലേക്ക് പ്രവേശിക്കും. ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ ദുർബലമായ വ്യാപനവും ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു പിണ്ഡവും രാജ്യത്തെ ബാധിച്ചതായി കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
വെള്ളിയാഴ്ച പകൽ പ്രതീക്ഷിക്കുന്ന പരമാവധി താപനില 35 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയാണ്. വടക്കുപടിഞ്ഞാറൻ കാറ്റ് നേരിയതോ മിതമായതോ ആയി തുടരും.
കാറ്റ് മണിക്കൂറിൽ 12 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ മാറാനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം കാലാവസ്ഥ മിതമായിരിക്കും. കാറ്റിന്റെ വേഗത കുറയും. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 21 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. ശനിയാഴ്ച വടക്ക് പടിഞ്ഞാറൻ കാറ്റ് നേരിയതോ മിതമായതോ ആയ വേഗതയിൽ വീശും. പകൽ പ്രതീക്ഷിക്കുന്ന പരമാവധി താപനില 34 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെയാണ്. കടൽ നേരിയതോ മിതമായതോ ആയിരിക്കും. ശനിയാഴ്ച വൈകുന്നേരം കാലാവസ്ഥ മിതമായിരിക്കും. വടക്ക് പടിഞ്ഞാറൻ കാറ്റ് നേരിയതോ മിതമായതോ ആകും. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 19 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.