കുവൈത്ത് സിറ്റി: ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിൽ കുവൈത്തിൽ നഴ്‌സായ ജേക്കബ് വർഗീസിന്റെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു. പോസ്റ്റ് ബി.എസ്.സിക്കായി ബാംഗളുവിലെ കോളജിൽ ചേർന്ന ജേക്കബ് അഡ്മിഷൻ സമയത്ത് മുഴുവൻ രേഖകളും കോളജിൽ സമർപ്പിച്ചിരുന്നു.
പിന്നിട് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരികെ ചോദിച്ചപ്പോൾ രണ്ടു വർഷത്തെ മുഴുവൻ ഫീസും നൽകിയാൽ മാത്രമേ നൽകൂ എന്നാണ് മറുപടി ലഭിച്ചത്. തുടർന്ന് ജേക്കബ് പ്രവാസി ലീഗൽ സെൽ വഴി ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ നാലാഴ്ചക്കകം നടപടി സ്വീകരിക്കാൻ ജസ്റ്റിസ് വികാസ് മഹാജൻ യു.ജി.സിക്ക് നിർദ്ദേശം നൽകി. എന്നാൽ യു.ജി.സി യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് യു.ജി.സി ചെയർമാൻ ഡോ.വിനീത് ജോഷിക്കെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഇപ്പോൾ നടപടി ഉണ്ടായത്. ഇതോടെ മുഴുവൻ അസ്സൽ രേഖകളും ജേക്കബ് വർഗീസിന് തിരികെ ലഭിച്ചു.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ.ജോസ് എബ്രഹാം, അഡ്വ. ബേസിൽ ജെയ്സൺ എന്നിവരാണ് ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്.
നഴ്സുമാരുടെ ബോണ്ട് രീതി അവസാനിപ്പിക്കുന്നതിനായി പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും ഉത്തരവുകൾ നേടിയിരുന്നു. എങ്കിലും പല തരത്തിലും ബോണ്ട് സമ്പ്രദായം ഇപ്പോഴും നിലനിൽകുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ പ്രവാസി ലീഗൽ സെൽ നേടിയെടുത്ത വിധിയുടെ ആനുകൂല്യം പ്രയോജനകരമാണെന്നും പ്രവാസി ലീഗൽ സെൽ വക്താവ് സുധീർ തിരു നിലത്ത്, കൺട്രിഹെഡ് ബാബു ഫ്രാൻസീസ് , ചാപ്റ്റർ പ്രസിഡൻ്റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.