കുവൈത്ത് സിറ്റി: വേനൽക്കാലം ആരംഭിക്കുകയും താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ അപകടങ്ങൾ വർധിക്കുന്നതിൽ ജാഗ്രത പാലിക്കാൻ പൗരന്മാരോടും താമസക്കാരോടും കുവൈത്ത് ഫയർ ഫോഴ്സ് (കെ.എഫ്.എഫ്) അഭ്യർഥിച്ചു.
സുരക്ഷ എന്നത് കൂട്ടായ ഉത്തരവാദിത്തമാണെന്ന് എല്ലാവരും അത് പാലിക്കണം. അപകടങ്ങൾ തടയുന്നതിൽ സ്വയം നിരീക്ഷണം പ്രതിരോധത്തിന്റെ ആദ്യ പടിയാണെന്നും ജനറൽ ഫയർ ഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് ആവശ്യപ്പെട്ടു.
വേനൽകാലത്ത് മുങ്ങിമരണങ്ങളും കൂടുതലായി റിപ്പോർട്ടു ചെയ്യാറുണ്ട്. കുട്ടികളുമായി ബീച്ചുകൾ, നീന്തൽക്കുളങ്ങൾ, ഫാമുകൾ, മറ്റു വിനോദ മേഖലകൾ എന്നിവിടങ്ങളിൽ എത്തുന്നവർ കൂടുതൽ ശ്രദ്ധിക്കണം. അശ്രദ്ധ മൂലമാണ് പലപ്പോഴും ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത്.
വെള്ളത്തിൽ ഇറങ്ങുമ്പോൾ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സുരക്ഷ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും വേണം. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത നീന്തൽകുളങ്ങൾ ഉപയോഗിക്കുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തും.കടൽ യാത്രകളിൽ നിർബന്ധമായും സുരക്ഷ നടപടിക്രമങ്ങൾ പാലിക്കണം.
ബോട്ടുകളിൽ ലൈഫ് ജാക്കറ്റുകൾ ഉണ്ടെന്ന് ഉറപ്പാക്കണം. യാത്രയുടെ വിശദാംശങ്ങൾ, റൂട്ട്, സ്ഥലം എന്നിവ അധികാരികളെ അറിയിക്കണം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് കപ്പലിന്റെ സാന്നിധ്യം പരിശോധിക്കുകയും കാലാവസ്ഥ സാഹചര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്യണം.
വെസ്റ്റ് അബ്ദുല്ല അൽ മുബാറകിൽ വീട്ടിൽ തീപിടിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇസ്തിഖ്ലാൽ, കബ്ദ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വൈകാതെ തീ അണച്ചതായും അഗ്നിശമന സേന അറിയിച്ചു. തീപിടിത്തത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചു.
തീപിടിത്തം നടന്ന വീട്ടിലെ ഭാഗം
ജഹ്റയിലും കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായി. ജഹ്റ ഇൻഡസ്ട്രിയൽ, തഹ്രീർ സെന്ററുകളിലെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ലെന്നും അഗ്നിശമന സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.