കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘകർക്കെതിരെ കർശന നടപടിയുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്. മന:പൂർവം ഗതാഗതം തടസ്സപ്പെടുത്തൽ, അശ്രദ്ധമായ ഡ്രൈവിങ്, നിയമവിരുദ്ധമായി ഓവർടേക്കിങ് എന്നിവക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചുവരുന്നത്. നിയമലംഘകരുടെ വാഹനങ്ങൾ രണ്ട് മാസത്തേക്ക് കണ്ടുകെട്ടുകയും, 15 മുതൽ 20 കുവൈത്ത് ദീനാർ വരെ പിഴ ചുമത്തുകയും ചെയ്യും.
ഇത്തരം നിയമലംഘകരെ കണ്ടെത്തുന്നതിനായി ഡ്രോൺ കാമറ സംവിധാനം, പ്രത്യേക വാഹനങ്ങൾ, റോഡരികിലെ കാമറകൾ എന്നിവ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഉപയോഗപ്പെടുത്തുന്നുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും റോഡിലെ ഡ്രൈവർമാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനുമാണ് നടപടി.
റോഡിലെ ഡ്രൈവർമാരുടെ മോശം പെരുമാറ്റം മറ്റുള്ളവരുടെ ജോലിയെയും ദൈനംദിന ജീവിതത്തെയും വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. എല്ലാ നിയമലംഘനങ്ങളും കോടതിയിലേക്ക് റഫർ ചെയ്യുമെന്നും പ്രവാസി ഡ്രൈവർമാർ ആവർത്തിച്ച് പിടിക്കപ്പെട്ടാൽ നാടുകടത്തൽ പോലുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും കുറക്കലും റോഡ് സുരക്ഷ ഉറപ്പാക്കലും ലക്ഷ്യമിട്ട് രാജ്യത്ത് ഈ വർഷം ആദ്യത്തിൽ പുതിയ ഗതാഗത നിയമം നടപ്പിൽ വരുത്തിയിട്ടുണ്ട്. ഇത് നിയമലംഘനങ്ങളും അപകടങ്ങളും ഒരു പരിധിവരെ കുറച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.