സുരക്ഷ ഉദ്യോഗസഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധനകൾ തുടരുന്നു. രണ്ടു ദിവസങ്ങളിലായി മൈദാൻ ഹവല്ലിയിൽ നടന്ന വൻ സുരക്ഷ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച പുലർച്ച വരെ നീണ്ടുനിന്ന ഓപറേഷനിൽ 14 പേരെ അറസ്റ്റ് ചെയ്തു. ആയിരത്തിലേറെ പേരുടെ രേഖകൾ പരിശോധിച്ചതായും ഒളിച്ചോടിയവരെയും താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചവരെയും പിടികൂടിയതായും അധികൃതര്‍ അറിയിച്ചു.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അസ്സബാഹിന്റെ നിർദേശപ്രകാരം പൊതു സുരക്ഷ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമീദ് മനാഹി അൽ ദവാസിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. പരിശോധനയിൽ 1,078 ഗതാഗത നിയമലംഘന നോട്ടീസുകൾ നൽകി. തൊഴിൽ താമസ നിയമ ലംഘനത്തിന് ഏഴു പേരെ അറസ്റ്റു ചെയ്തു. പിടികിട്ടാനുള്ള അഞ്ചുപേരും അറസ്റ്റിലായി. ട്രാഫിക് നിയമം ലംഘിച്ച അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തു.
മദ്യം കൈവശം വെച്ചതിന് ഒരാൾ അറസ്റ്റിലായി. നിയമ ലംഘനങ്ങൾ ചെറുക്കുന്നതിനും എല്ലാ മേഖലകളിലുമുള്ള സുരക്ഷ, ഗതാഗത പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുമുള്ള പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയുമാണ് തങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയെന്നും പരിശോധനകൾ തുടരുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.