ഇർഫാൻ എരൂത്തും ജാവേദ് അസ്ലമും ഗുലാം അലിക്കൊപ്പം
കുവൈത്ത് സിറ്റി: വിഖ്യാത ഗസൽ ഗായകൻ ഗുലാം അലിക്കൊപ്പം ചെലവഴിക്കാനായതിന്റെ നിർവൃതിയിൽ മലയാളി ഖവാലി ബാന്റായ ‘മെഹ്ഫിൽ ഇ സമ’ കലാകാരൻമാരായ ഇർഫാൻ എരൂത്തും, ജാവേദ് അസ്ലമും.
കുവൈത്തിൽ ഗസൽ അവതരിപ്പിക്കാനെത്തുന്ന ഗുലാം അലിയെ നേരിൽ കേൾക്കാൻ നാട്ടിൽനിന്ന് എത്തിയ ഇരുവരും മൂന്നു ദിവസങ്ങൾ അദ്ദേഹത്തോക്കൊപ്പം ചെലവഴിക്കാനായതിന്റെ സന്തോഷത്തിലാണ്.ഗുലാം അലി താമസിച്ച കുവൈത്ത് സിറ്റിയിലെ കോസ്റ്റ ഡെൽ സോൾ ഹോട്ടലിലായിരുന്നു ഇരുവരും താമസിച്ചത്. ഇവിടെ വെച്ച് ദീർഘസമയം ഗുലാം അലി, അദ്ദേഹത്തിന്റെ മകൻ ആമിർ അലി ഖാൻ, ചെറുമകൻ നാസിർ അലി ഖാൻ, മറ്റ് ആർടിസ്റ്റുകൾ എന്നിവരുമായി ഇടപഴകാനും സംഗീതത്തിന്റെവിവിധ വശങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞതായി ‘മെഹ്ഫിൽ ഇ സമ’ പ്രധാന ഗായകനായ ഇർഫാൻ എറൂത്ത് പറഞ്ഞു.
ഹോട്ടൽ ലോബിയിൽ ഇവർക്കൊപ്പം പാടാൻ കഴിഞ്ഞതും ആഹ്ലാദ നിമിഷമായി ഇർഫാനും, ജാവേദ് അസ്ലമും കണക്കാക്കുന്നു. ഇർഫാന്റെ പാട്ടും ജാവേദിന്റെ സിത്താർ വായനയും ഗുലാം അലിയും സംഘവും കേട്ട് അഭിനന്ദിക്കുകയും ചെയ്തു. സംഗീത വഴിയിൽ ഓർമയിൽ സൂക്ഷിക്കാൻ കിട്ടിയ അസുലഭ നിമിഷങ്ങളുടെ നിർവൃതി.ഇന്ത്യൻ കൾചറൽ സൊസൈറ്റി സംഘടിപ്പിച്ച ജഗജീത് സിങ് ട്രിബൂട്ട് സംഗീത വിരുന്നിൽ പങ്കെടുക്കാനായാണ് ഗുലാം അലി കുവൈത്തിൽ എത്തിയത്. മഹ്ബൂലയിലെ ഇന്നോവ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നേരിൽ കേൾക്കാൻ കേരളത്തിൽനിന്ന് ഷഹബാസ് അമനും, കുവൈത്തിലെ മലയാളികളായ നിരവധി സംഗീതപ്രേമികളും കലാസ്വാദകരും എത്തിയിരുന്നു.
ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരിയാണ് ഇവർക്ക് കുവൈത്തിൽ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.