കുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണത്തിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചുവരുന്ന കുവൈത്ത് നിലപാട് കടുപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവിധ ലോക വേദികളിൽ കുവൈത്ത് തങ്ങളുടെ ഫലസ്തീൻ അനുകൂല നിലപാട് വ്യക്തമാക്കുകയും ഇസ്രായേൽ നടപടികളെ എതിർക്കുകയും ചെയ്തു. ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനായും കുവൈത്ത് ശ്രമം നടത്തിവരുകയാണ്.
അതിനിടെ, ഗസ്സയിലെ ബാപ്റ്റിസ്റ്റ് അൽ അഹ്ലി ആശുപത്രിക്കുനേരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ വ്യോമാക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ആശുപത്രികളും പൊതു സൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള അധിനിവേശ സേനയുടെ ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഫലസ്തീൻ ജനതക്കെതിരായ മനുഷ്യത്വരഹിതമായ പ്രവൃത്തികൾ ഉടൻ അവസാനിപ്പിക്കണമെന്ന് കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ സുരക്ഷാ സമിതിയോടും അഭ്യർഥിച്ചു.
ഇസ്രായേൽ ആക്രമണങ്ങൾ എല്ലാ നിയമങ്ങൾക്കും മാനുഷിക മാനദണ്ഡങ്ങൾക്കും എതിരാണ്. ഇത്തരം ഭയാനകമായ കുറ്റകൃത്യങ്ങൾ തടയാൻ ഗൗരവമേറിയതും വേഗത്തിലുള്ളതുമായ നടപടിക്ക് വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഫലസ്തീൻ ജനതയെ പിന്തുണക്കുന്ന നിലപാട് കുവൈത്ത് ആവർത്തിച്ചു. ഫലസ്തീനികളുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ ആവശ്യമായ സഹായം തുടർന്നും നൽകുമെന്നും വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി ഗസ്സയിലെ അൽ അഹ്ലി ആശുപത്രിക്കുനേരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ വ്യോമാക്രമണത്തിൽ 500ലേറെ പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.