കുവൈത്ത് സിറ്റി: അമേരിക്ക-ഇസ്രായേൽ-ഇറാൻ സംഘർഷം വിമാന യാത്രയെ തടസ്സപ്പെടുത്തുകയും ഇന്ധന വില റെക്കോർഡ് ഉയരത്തിലെത്തിക്കുകയും ചെയ്തതോടെ കൈപൊള്ളി ആഗോള വിമാനക്കമ്പനികളും യാത്രക്കാരും.
നിരവധി രാജ്യങ്ങൾ വ്യോമപാത അടക്കുകയും ഇന്ധന വില കുത്തനെ ഉയരുകയും ചെയതതോടെ സമീപ വർഷങ്ങളിലെ ഏറ്റവും മോശം പ്രതിസന്ധിയെ നേരിടുകയാണ് വ്യോമയാന മേഖല. ഊർജ്ജ, വ്യോമ മേഖല നേരിടുന്ന ആഗോള പ്രക്ഷുബ്ധതകൾക്കിടയിൽ വിമാനക്കമ്പനികൾ പ്രവർത്തനം നിലനിർത്താൻ പാടുപെടുപെടുകയാണെന്നും, കോവിഡിന് ശേഷമുള്ള ഏറ്റവും മോശം അവസഥയിലാണ് വ്യോമയാന മേഖലയെന്നും ഈ രംഗത്തുള്ളവർ ചൂണ്ടികാട്ടുന്നു.
ഉയരുന്ന ഇന്ധന വില
സംഘർഷബാധിത മേഖല ഒഴിവാക്കിയാണ് പല വിമാനങ്ങളും സർവിസ് നടത്തുന്നത്. ഇത് വിമാനങ്ങൾക്ക് യാത്രാ ദൈർഘ്യവും ചെലവും വർധിപ്പിക്കുന്നു. ഇതോടെ ടിക്കറ്റ് നിരക്ക് പല റൂട്ടുകളിലും ഇരട്ടിയിലേറെയായി വർധിച്ചു. ഇത് യാത്രക്കാർക്കും വലിയ തിരിച്ചടിയായി. വിമാന സർവീസുകൾ കുറഞ്ഞതും ആവശ്യകത വർധിച്ചതും ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമായിട്ടുണ്ട്.
യുദ്ധത്തിന് മുമ്പ് ബാരലിന് ശരാശരി 70 ഡോളറായിരുന്ന ഇന്ധന വില നിലവിൽ 100 ഡോളർ കവിഞ്ഞു. ഇതോടെ ലോകമെമ്പാടുമുള്ള വിമാനക്കമ്പനികൾ ഇന്ധന സർചാർജ് കൂട്ടിച്ചേർക്കാൻ നിർബന്ധിതരായി. ഈ നഷ്ടം യാത്രക്കാർക്ക് മേൽ ചുമത്തുകയാണ് വിമാന കമ്പനികൾ.
റദ്ദാക്കലുകൾ, റൂട്ടുകൾ മാറ്റൽ
ഗൾഫ് വിമാനക്കമ്പനികളാണ് സംഘർഷം വലിയ രൂപത്തിൽ ബാധിച്ചത്. വ്യാപകമായ വിമാന റദ്ദാക്കലുകൾ, അപകടകരമായ വ്യോമാതിർത്തി ഒഴിവാക്കാൻ റൂട്ടുകൾ മാറ്റൽ, ഇന്ധനച്ചെലവ് കുതിച്ചുയരൽ എന്നിവ ഇവ നേരിടേണ്ടി വന്നു.
സംഘർഷം ആരംഭിച്ച ഫെബ്രുവരി 28ന് ജി.സി.സി രാജ്യങ്ങൾ വ്യോമപാത താൽക്കാലികമായി അടച്ചു. ചില രാജ്യങ്ങൾ വൈകാതെ വിമാന സർവിസുകൾ പുനരാരംഭിച്ചെങ്കിലും പൂർണതോതിൽ ആയിട്ടില്ല. കുവൈത്ത്, ബഹ്റൈൻ എന്നിവ ഇതുവരെ വ്യോമപാതകൾ തുറന്നിട്ടില്ല. ഖത്തർ ബാഗികമായാണ് പ്രവർത്തനം ആരംഭിച്ചത്.
സൗദി വഴി നാട്ടിലേക്ക്
ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കപ്പെടുന്നതിനാല്‍ പ്രത്യേക അനുമതിയോടെ ഏതാനും സർവിസുകള്‍ മാത്രമാണ് മിക്ക കമ്പനികളും ഗള്‍ഫ് രാജ്യങ്ങളിൽ നിന്ന് നടത്തുന്നത്. സൗദി വഴിയാണ് കുവൈത്തിൽ നിന്നുള്ള സർവിസുകൾ പുനരാരംഭിച്ചിട്ടുള്ളത്.
ഖൈസുമ വിമാനത്താവളം വഴി കൊച്ചി, തിരുവന്തപുരം അടക്കം എട്ടു ഇന്ത്യൻ നഗരങ്ങളിലേക്ക് ജസീറ എയർവേയ്‌സ് സർവീസ് ആരംഭിച്ചിട്ടുണ്ട്. മാർച്ച് 26 മുതൽ സൗദിയിലെ ദമ്മാം വഴി കുവൈത്ത് എയർവേയ്‌സും സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ബഹ്റൈനിൽ നിന്നുള്ള വിമാനങ്ങളും സൗദിയിലെ ദമ്മാം വഴിയാണ് സർവിസ് നടത്തുന്നത്. വിമാനത്താവളത്തിൽ എത്താനും വിമാന ടിക്കറ്റിനും വലിയ തുക ചെലവാകും എന്നതിനാൽ ഭൂരിപക്ഷം പ്രവാസികളും ഈ യാത്ര തെരഞ്ഞെടുക്കുന്നില്ല.
ഫെബ്രുവരി 28ന് മേഖലയിൽ ഉടലെടുത്ത സംഘർഷങ്ങൾക്ക് പിറകെയാണ് കുവൈത്ത് വ്യോമപാത അടച്ചത്. സംഘർഷം അവസാനിച്ച് വിമാന സർവിസുകൾ വൈകാതെ പഴയ നിലയിൽ ആകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.