കുവൈത്ത് സിറ്റി: 50 അംഗ സീറ്റിലേക്ക് 27 വനിതകളും 349 പുരുഷന്മാരുമായി മൊത്തം 376 സ്ഥാനാർഥികൾ മത്സരരംഗത്തിറങ്ങിയതോടെ പാർലമെന്റ് തെരഞ്ഞെടുപ്പ് ആവേശകരമായ ഘട്ടത്തിലേക്ക് പ്രവേശിച്ചു. വിജയത്തിനായി കനത്ത പ്രചാരണവും കാമ്പയിനിങ്ങും ആരംഭിച്ചു. വോട്ടർമാരെ കൈയിലെടുക്കാനും തങ്ങളുടെ ആശയങ്ങൾ ജനങ്ങളിലെത്തിക്കാനും വിവിധ മാർഗങ്ങളും സ്വീകരിച്ചുവരുകയാണ്.
പ്രചാരണത്തിന് എല്ലാ മാർഗവും സ്വീകരിക്കാൻ നിർബന്ധിതമായതോടെ ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ വ്യക്തിഗത ചെലവുകൾ 20 മുതൽ 50 ശതമാനം വരെ വർധിക്കുമെന്ന് കണക്കുകൂട്ടുന്നു. പ്രധാന റോഡുകളിൽ പരസ്യബോർഡുകൾ സ്ഥാപിക്കൽ, ടെന്റു നിർമാണം, ക്ഷണക്കത്തുകൾ തയാറാക്കൽ, പ്രിന്റ് -സമൂഹമാധ്യമ പരസ്യങ്ങൾ എന്നിവയെല്ലാം പ്രചാരണ ഭാഗമാണ്. ഇതോടെ റസ്റ്റാറന്റുകൾ, ഹോസ്പിറ്റാലിറ്റി ദാതാക്കൾ, ടെന്റ് വിതരണക്കാർ, പരസ്യം, മാധ്യമമേഖല എന്നിവക്ക് ഉണർവുണ്ടായിട്ടുണ്ട്.
50,000 ദീനാർ മുതൽ രണ്ടു ദശലക്ഷം ദീനാർവരെ സ്ഥാനാർഥികൾ പ്രചാരണത്തിനായി ചെലവഴിക്കുന്നതായി തെരഞ്ഞെടുപ്പ് വിദഗ്ധൻ തലാൽ അൽഫദ്ലി ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർഥിയുടെ കാഴ്ചപ്പാടനുസരിച്ച് പ്രചാരണത്തിലും ചെലവഴിക്കുന്ന തുകയിലും വ്യത്യാസം വരാം. പരസ്യങ്ങൾ വഴിയാണ് സ്ഥാനാർഥികൾക്ക് വലിയ തുക ചെലവാകുക. ഇവ സ്ഥാനാർഥികൾ സ്വന്തം ചെലവിൽ കണ്ടെത്തണം. ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെയാണ് ഇതിനായി ഭൂരിപക്ഷവും ആശ്രയിക്കുന്നത്.
സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിന് ഇത്തവണ സ്ഥാനാർഥികൾ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. നിരവധി പേരിലേക്ക് എളുപ്പത്തിൽ എത്താനും യുവജനങ്ങളെ ആകർഷിക്കാനും കഴിയും എന്നതുമാണ് ഇതിന് കാരണം. രാജ്യത്ത് വ്യാപകവും സ്വാധീനവുമുള്ള മാധ്യമമാണ് സോഷ്യൽ മീഡിയ. അതേസമയം, ട്വിറ്ററിൽ പരസ്യത്തിന് 200 ദീനാറിനും 300നും ഇടയിൽ ചെലവുവരും. പ്രധാന മാധ്യമങ്ങളിൽ പരസ്യം നൽകാൻ 500 ദീനാറിനും 1500 ദീനാറിനും ഇടയിൽ ചെലവുവരുമെന്നും കണക്കാക്കുന്നു. സ്വയം പ്രമോഷന് വേണ്ടിയും സ്ഥാനാർഥികൾ തുക ചെലവഴിക്കേണ്ടിവരും. പ്രമോഷനൽ വിഡിയോക്ക് 500 ദീനാറിനും 1500 ദീനാറിനും ഇടയിൽ ചെലവുവരും.
10 ദിവസത്തേക്കുള്ള ടെന്റും സേവനച്ചെലവും ഭക്ഷണ ഹാളും ഉൾപ്പെടുന്ന പ്രചാരണ കേന്ദ്രത്തിലെ സൗകര്യങ്ങൾക്ക് ഏകദേശം 18,000 ദിനാർ മുതൽ 20,000 വരെ ചിലവ് വരുമെന്നും കണക്കാക്കുന്നു. പരസ്യബോർഡുകൾക്കും വലിയ തുക ചെലവാകും.
കുവൈത്ത് സിറ്റി: ജയിലിൽ കഴിയുന്ന മുൻ എം.പി മർസൂഖ് അൽ ഖലീഫക്കെതിരായ കേസിൽ ഒക്ടോബർ 10 ന് പരമോന്നത കോടതി അന്തിമ വിധി പറയും. ഇതോടെ മർസൂഖ് അൽ ഖലീഫ സെൻട്രൽ ജയിലിൽനിന്ന് സ്ഥാനാർഥിയായി മത്സരിക്കേണ്ടിവരും. 2020ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നിയമവിരുദ്ധമായ ട്രൈബൽ പ്രൈമറി തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു എന്നതാണ് കേസ്.
ക്രിമിനൽ കോടതി ഖലീഫയെ രണ്ട് വർഷത്തേക്ക് ശിക്ഷിക്കുകയും അപ്പീൽ കോടതി വിധി ശരിവെക്കുകയും ചെയ്തു. ഇതിനെതിരെ രാജ്യത്തെ പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലെ വിധിയാണ് ഒക്ടോബർ 10ന് പുറപ്പെടുവിക്കുക. കുറ്റവിമുക്തനാക്കപ്പെട്ടാൽ മർസൂഖ് അൽ ഖലീഫ വെറുതെ വിടും. അതേസമയം വിധി ശരിവെച്ചാൽ ശിക്ഷാകാലം ജയിലിൽ കഴിയേണ്ടിവരും. നാലാം മണ്ഡലത്തിൽനിന്നാണ് മർസൂഖ് അൽ ഖലീഫ സ്ഥാനാർഥിയായി പത്രിക നൽകിയത്.
അതേസമയം, കേസ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് നിയമവിദഗ്ധർ പറഞ്ഞു. മർസൂഖ് അൽ ഖലീഫ വിജയിക്കുകയും കോടതി ശിക്ഷ ശരിവെക്കുകയും ചെയ്താൽ എം.പി ആയി അദ്ദേഹം ജയിലിൽ തുടരേണ്ടിവരും. ജയിൽ മോചന ശേഷം ഇദ്ദേഹം പാർലമെന്റിലെത്തുകയാണെങ്കിൽ രാജ്യത്തെ അപൂർവ സംഭവമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.