പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വികസന പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തി മന്ത്രിതല സമിതി.ബയാൻ പാലസിൽ ചേർന്ന 45-ാമത് യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.മുബാറക് അൽ കബീർ തുറമുഖം, വൈദ്യുതി മേഖല, പുനരുപയോഗ ഊർജ്ജ വികസനം, കുറഞ്ഞ കാർബൺ ഹരിത മാലിന്യ പുനരുപയോഗ സംവിധാനങ്ങൾ, ഭവന വികസനം, മലിനജല സംസ്കരണ പ്ലാന്റുകൾക്കുള്ള പാരിസ്ഥിതിക അടിസ്ഥാന സൗകര്യങ്ങൾ, സ്വതന്ത്ര മേഖലകൾ, സാമ്പത്തിക മേഖലകൾ, മരുഭൂമീകരണത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വികസന പദ്ധതികളിലെ നടപടികൾ യോഗം ചർച്ച ചെയ്തു.
സമഗ്രവും സുസ്ഥിരവുമായ വികസന കാഴ്ചപ്പാട് കൈവരിക്കുന്നതിനായി തുടർച്ചയായ മാർഗനിർദേശം നൽകുന്നതിലും എല്ലാ പദ്ധതികളും വേഗത്തിലാക്കുന്നതിലും കുവൈത്ത് നേതൃത്വത്തിന്റെ താൽപര്യം പ്രധാനമന്ത്രി വ്യക്തമാക്കി. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഉണർത്തി. മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവന കാര്യ സഹമന്ത്രിയുമായ അബ്ദുൽതീഫ് അൽ മഷാരി, ധനകാര്യ, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രി, സാമ്പത്തിക, നിക്ഷേപ കാര്യ ആക്ടിങ് സഹമന്ത്രി ഡോ. സുബീഹ് അൽ മുഖൈസീം, പ്രധാനമന്ത്രിയുടെ ദീവാനിലെ ആക്ടിങ് ഡയറക്ടർ ശൈഖ് ഖാലിദ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹ്, ഫത്വ, നിയമനിർമാണ വകുപ്പ് മേധാവി കൗൺസിലർ സലാഹ് അൽ മജീദ്, പബ്ലിക് ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസി മേധാവി ഇസ്സാം അൽ മർസൂഖ്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ആദിൽ അൽ സമീൽ, ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും കമ്മിറ്റി റിപ്പോർട്ടറുമായ അംബാസഡർ സമീഹ് ഹയാത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.