കുവൈത്ത് സിറ്റി: കുവൈത്തിൽ നടന്ന 22ാമത് ഏഷ്യൻ പുരുഷ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈന് കിരീടം. ഫൈനലിൽ ഖത്തറിനെ 29-26ന് പരാജയപ്പെടുത്തിയാണ് നേട്ടം. ആദ്യ പകുതി 14-11ന് മുന്നിട്ടുനിന്ന ബഹ്‌റൈൻ രണ്ടാം പകുതിയിൽ അൽപം പതറിയതോടെ മത്സരം 24-24 ന് സമനിലയിൽ പിരിഞ്ഞു.
ഇതോടെ അധിക സമയത്തിലേക്ക് നീണ്ട മത്സരത്തിൽ ശക്തമായി തിരിച്ചു വന്ന് ബഹ്‌റൈൻ കിരീടം ഉറപ്പിച്ചു. അഞ്ചു തവണ ഫൈനലിൽ കിരീടം കൈവിട്ട ബഹ്‌റൈന്റെ ആദ്യത്തെ കോണ്ടിനെന്റൽ കിരീടമാണിത്.മൂന്നാം സ്ഥാനക്കാർക്കുള്ള പ്ലേഓഫിൽ ജപ്പാനെ 33-32 എന്ന സ്കോറിന് പരാജയപ്പെടുത്തി കുവൈത്ത് വെങ്കല മെഡൽ സ്വന്തമാക്കി.
ചാമ്പ്യൻഷിപ്പിൽ ആദ്യ നാലുസ്ഥാനങ്ങൾ നേടിയ കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ, ജപ്പാൻ എന്നിവ 2027-ൽ ജർമനിയിൽ നടക്കുന്ന ലോകകപ്പിന് ഏഷ്യയിൽനിന്ന് യോഗ്യത നേടി.വാർത്തവിനിമയ സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരി, ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് ശൈഖ് ഇസ ബിൻ അലി എന്നിവർ മത്സരം വീക്ഷിക്കാനെത്തി.
ചാമ്പ്യൻഷിപ്പിൽ കുവൈത്ത് കളിക്കാർ തങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുത്തതായും ലോകകപ്പിന് യോഗ്യത നേടുക എന്ന പ്രാഥമിക ലക്ഷ്യം നേടിയതായും കുവൈത്ത് ഹാൻഡ്‌ബാൾ ഫെഡറേഷൻ ആക്ടിങ് വൈസ് പ്രസിഡന്റ് ഷബീബ് അൽ ഹജ്‌രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.