കുവൈത്ത് സിറ്റി: പാർലമെൻറ് തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ ആഭ്യന്തരമന്ത്രാലയം ഉന്നതതല യോഗം ചേർന്ന് സുരക്ഷാ ക്രമീകരണത്തിന് പദ്ധതി തയാറാക്കി. ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹിെൻറ അധ്യക്ഷതയിൽ സബ്ഹാനിലെ മന്ത്രാലയ ആസ്ഥാനത്ത് നടന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് തെരഞ്ഞെടുപ്പ് ദിനത്തിൽ കൈകൊള്ളേണ്ട സുരക്ഷാ ക്രമീകരണത്തിന് പദ്ധതി ആവിഷ്കരിച്ചത്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളെയും മന്ത്രാലയത്തിെൻറ ഓപറേഷൻ ഡിപ്പാർട്ടുമെൻറുമായി ബന്ധിപ്പിച്ചു. എവിടെയെങ്കിലും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഓപറേഷൻ റൂമിൽ അപ്പപ്പോൾ വിവരം ലഭ്യമാവുന്ന രൂപത്തിലാണ് സംവിധാനം ഒരുക്കിയത്. സ്വദേശികൾക്ക് സുരക്ഷിതമായും സമ്മർദ്ദമില്ലാതെയും വോട്ടുചെയ്യാനുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണിത്. കോവിഡ് ബാധിതർക്ക് പ്രത്യേക പോളിങ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. ഒാരോ ഗവർണറേറ്റിലും ഒന്നുവീതം ആറ് സ്റ്റേഷനുകളാണ് ഇത്തരത്തിൽ തയാറാക്കിയത്.
പ്രായാധിക്യത്താൽ പ്രയാസപ്പെടുന്നവർ, രോഗികൾ, വികലാംഗർ ഉൾപ്പെടെ പ്രത്യേക പരിഗണന അർഹിക്കുന്നവരെ പോളിങ് സ്റ്റേഷനുകളിലെത്തിക്കാനും തിരിച്ച് വീടുകളിൽ കൊണ്ടുവിടുന്നതിനും പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗതാഗത തടസ്സം ഇല്ലാതാക്കാൻ റോഡുകളിൽ നിരീക്ഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥർക്ക് ചുമതല നൽകും. പൊലീസ്, ദേശീയ ഗാൾഡ്, വനിതാ പൊലീസ് ഉൾപ്പെടെ കൂടുതൽ ഉദ്യോഗസ്ഥരെ രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും വിന്യസിക്കും. അതേസമയം, സുരക്ഷക്ക് ഭീഷണിയാവുന്ന തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ വെടിവെക്കാനുള്ള നിർദേശമാണ് ഉദ്യോഗസ്ഥർക്ക് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.