പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന
മന്ത്രിതല സമിതി യോഗം
കുവൈത്ത് സിറ്റി: രാജ്യത്തെ പരിസ്ഥിതി അടിസ്ഥാന സൗകര്യങ്ങളിൽ പ്രധാന നാഴികക്കല്ലായ നോർത്ത് കബ്ദ് മാലിനജല സംസ്കരണ പ്ലാന്റ് നിർമാണം ഉടൻ ആരംഭിക്കും. പ്ലാന്റിന്റെ സാങ്കേതിക പഠനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ
അഹ്മദ് അസ്സബാഹ് അറിയിച്ചു. നൂതന സാങ്കേതികവിദ്യകളും പുനരുപയോഗ ഊർജവും ഉപയോഗിച്ച് പ്രതിദിനം ഒരു ദശലക്ഷം ക്യുബിക് മീറ്റർ മലിനജലം സംസ്കരിക്കാൻ കഴിയുന്ന തരത്തിലാണ് പ്ലാന്റ് സജ്ജീകരണം. ചൈനയുമായുള്ള കുവൈത്തിന്റെ തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമാണ് പദ്ധതി.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന പ്രധാന വികസന പദ്ധതികളെക്കുറിച്ചുള്ള മന്ത്രിതല സമിതി യോഗത്തിൽ, മുബാറക് അൽ കബീർ തുറമുഖം, പുനരുപയോഗ ഊർജ പദ്ധതികൾ, കുറഞ്ഞ കാർബൺ മാലിന്യ പുനരുപയോഗം, ഭവന, പരിസ്ഥിതി അടിസ്ഥാന സൗകര്യങ്ങൾ, സ്വതന്ത്ര സാമ്പത്തിക മേഖലകൾ എന്നിവയുൾപ്പെടെ വിവിധ സംരംഭങ്ങളുടെ നിലവിലെ സ്ഥിതി അവലോകനം ചെയ്തു. പദ്ധതികളുടെ നിർമാണ വേഗതയും ഗുണമേന്മയും നിലനിർത്തുന്നതിനായി ഫീൽഡ് നിരീക്ഷണവും മേൽനോട്ടവും തുടരാൻ പ്രധാനമന്ത്രി കമ്മിറ്റി അംഗങ്ങളോട് ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥർ, വൈദ്യുതി, ജലം, ധനകാര്യം, ഭവനം, മുനിസിപ്പൽ കാര്യ മന്ത്രിമാർ, കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെയും പൊതുമരാമത്ത് മന്ത്രാലയത്തിന്റെയും പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.