കുവൈത്ത് സിറ്റി: ഓണാഘോഷത്തെ വരവേൽക്കാൻ ഒരുങ്ങി പ്രവാസികൾ. ചെറുതും വലുതുമായ സംഘടനകൾ ഓണാഘോഷത്തിന് ഒരുക്കം ആരംഭിച്ചിട്ടുണ്ട്. ജില്ല സംഘടനകൾ വിപുലമായ പരിപാടികളോടെയാണ് ആഘോഷം ഒരുക്കുന്നത്.നാട്ടിൽനിന്ന് പ്രധാന കലാകാരന്മാർ, ഗായകർ, സിനിമ മേഖലകളിൽ നിന്നുള്ളവർ എന്നിവർ അടക്കം വലിയ നിര ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി കുവൈത്തിലെത്തും. വിവിധ മലയാളി സംഘടനകൾ വ്യത്യസ്തമായ പരിപാടികൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. മാവേലി എഴുന്നള്ളിപ്പും, ഓണസദ്യയും അടക്കം തനി നാടൻ ശൈലിയിലാണ് ആഘോഷങ്ങൾ ഒരുക്കുക.
സെപ്റ്റംബർ അഞ്ചിനാണ് ഇത്തവണ ഓണം. തിരുവോണം അവധി ദിവസമായ വെള്ളിയാഴ്ച ആയതിന്റെ സന്തോഷവും പ്രവാസികള്‍ക്കുണ്ട്. നാട്ടിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവാസി മലയാളികളുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് ഓണം. ഒരുമയുടെയും നാടോർമകളുടെയും ആഘോഷമായാണ് പ്രവാസികൾ ഇതിനെ കൊണ്ടാടുന്നത്.അവധി ദിവസങ്ങളായ വെള്ളിയാഴ്ചകളിലാണ് ആഘോഷം ഒരുക്കുക എന്നതിനാൽ ഡിസംബർ വരെ നീളുന്നതാകും മലയാളി സംഘടനകളുടെ ആഘോഷം. ഓണം-ക്രിസ്മസ് പരിപാടികള്‍ സംയുക്തമായി ഒരുക്കുന്ന സംഘടനകളും ഉണ്ട്.
ഇതിനായി സ്കൂൾ ഹാളുകൾ ബുക്കു ചെയ്യൽ, കലാകാരന്മാരെ കണ്ടെത്തൽ, പരിപാടികൾ ആസൂത്രണം ചെയ്യൽ എന്നിവയുടെ തിരക്കിലാണ് സംഘടനകൾ. കുവൈത്തിൽ കനത്ത ചൂടുകാലം കഴിഞ്ഞ് സുഖകരമായ കാലാവസ്ഥയിലാകും ഓണം എത്തുക. വെക്കേഷൻ കഴിഞ്ഞ് മലയാളി കുടുംബങ്ങൾ തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്.ഇതിനാൽ ഭൂരിപക്ഷം പ്രവാസികൾക്കും കുവൈത്തിലായിരിക്കും ഇത്തവണയും ഓണാഘോഷം. രാജ്യത്തെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലുമെല്ലാം ഓണത്തെ വരവേൽക്കുന്നതിനുള്ള ഒരുക്കം ആരംഭിച്ചിട്ടുണ്ട്. ഓണം പ്രമാണിച്ച് പ്രത്യേക മത്സരങ്ങൾ, സമ്മാനങ്ങൾ, വിലക്കുറവ് എന്നിവ ഇവ ഒരുക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.