കുവൈത്ത് സിറ്റി: നോർക്ക വഴി കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെൻറ് പുനരാരംഭിക്കാനുള്ള ഇന്ത്യൻ എംബസിയുടെ ശ്രമങ്ങൾ ഫലം കണ്ടു. നഴ്സുമാരെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് ആരോഗ്യമന്ത്രാലയം നോർക്കയെ സമീപിച്ചു. ഇന്ത്യൻ എംബസി വഴിയാണ് 500 നഴ്സുമാരുടെ ഒഴിവുനികത്താൻ കുവൈത്ത് ആരോഗ്യമന്ത്രാലയം നോർക്കയുടെ സഹായം തേടിയത്. 500 നഴ്സുമാരെ ഒരുമാസത്തിനുളിൽ ലഭ്യമാക്കാമെന്ന് നോർക്ക ഇന്ത്യൻ എംബസി വഴി കുവൈത്ത് ആരോഗ്യമന്ത്രാലയത്തെ അറിയിച്ചതായാണ് വിവരം.
നേരത്തേ ആരോഗ്യമന്ത്രാലയത്തിലേക്ക് ആവശ്യമുള്ള നഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്നത് സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയായിരുന്നു. വിവിധ രാജ്യങ്ങളിലെ ഇടനിലക്കാരും സ്വകാര്യ ഏജൻസികളും നഴ്സിങ് നിയമനത്തിന് ഉദ്യോഗാർഥികളിൽനിന്ന് വൻ തുകയാണ് ഫീസ് ഈടാക്കിയിരുന്നത്. റിക്രൂട്ട്മെൻറ് സർക്കാർ ഏജൻസിയായ നോർക്ക വഴിയാകുന്നതോടെ സർവിസ് ചാർജ് ആയി 20,000 രൂപ മാത്രമാണ് ഉദ്യോഗാർത്ഥികൾക്ക് ചെലവു വരുക. 20 ലക്ഷം രൂപ വരെ കൈക്കൂലി ഇൗടാക്കി ഏജൻസികൾ റിക്രൂട്ട്മെൻറ് നടത്തിയിരുന്ന സ്ഥാനത്താണിത്.
നഴ്സിങ് ഉദ്യോഗാർഥികൾ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു എന്നു കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്രം ഇടപെട്ട് സ്വകാര്യ ഏജൻസികൾ വഴിയുള്ള റിക്രൂട്ട്മെൻറിന് വിലക്കേർപ്പെടുത്തിയിരുന്നു. കുവൈത്തിലേക്കുള്ള റിക്രൂട്ട്മെൻറ് സർക്കാർ ഏജൻസികളിൽ പരിമിതപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും കുവൈത്ത് പിൻവാങ്ങിയതിനാൽ റിക്രൂട്ട്മെൻറ് നടന്നിരുന്നില്ല. സുതാര്യത ഉറപ്പാക്കാമെന്ന് ഇന്ത്യൻ എംബസി മുഖേന നോർക്ക കുവൈത്ത് ആരോഗ്യമന്ത്രാലയത്തെ അറിയിച്ചതിനെ തുടർന്നാണ് റിക്രൂട്ട്മെൻറ് പുനരാരംഭിക്കാൻ വഴി ഒരുങ്ങിയത്. കഴിഞ്ഞമാസം കുവൈത്തിലെത്തിയ നോർക്ക റിക്രൂട്ട്മെൻറ് ഡയറക്ടർ അജിത് കാരശ്ശേരി ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. മാജിദ അൽ ഖത്താൻ, ആരോഗ്യമന്ത്രാലയം നഴ്സിങ് ഡയറക്ടർ വദാ അൽ ഹുസൈൻ എന്നിവരുമായി ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.