ദോഹ തുറമുഖത്തെ മരക്കപ്പലിലെ തീ അണക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് തീപിടിത്ത കേസുകൾ തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ തീപിടിത്തമുണ്ടായി. ദോഹ തുറമുഖത്തെ രണ്ട് മരക്കപ്പലുകളിലുണ്ടായ തീപിടിത്തം വലിയ നഷ്ടങ്ങൾക്കിടയാക്കി.
അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഷുവൈഖ് മറൈൻ, അൽ സൂർ, സുലൈബിഖാത്ത്, മദീന, തഹ്രീർ, അഹ്മദി ഫയർ സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിശമന സേന എന്നിവ ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും തീകെടുത്തുന്നതിനുള്ള നടപടികളും ആരംഭിച്ചു.
വൈകാതെ തീ നിയന്ത്രണവിധേയമാക്കി. എന്നാൽ മരക്കപ്പലുകൾക്ക് വലിയ കേടുപാടുകൾ സംഭവിച്ചു. ജലീബ് അൽ ഷൂയൂഖിലെ റസ്റ്റാറന്റിലും തീപിടിത്തമുണ്ടായി. സമൂദ്, അർദിയ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. ആർക്കും കാര്യമായ പരിക്കുകളൊന്നുമില്ലന്ന് അഗ്നിശമന സേന അറിയിച്ചു.
ഫർവാനിയയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലും തീപിടിത്തമുണ്ടായി. ഫർവാനിയ ബ്ലോക്ക് നാലിലെ മലയാളികൾ അടക്കം താമസിക്കുന്ന അപ്പാർട്ട്മെന്റിലെ ആറാം നിലയിലാണ് തീപിടിച്ചത്. ഫർവാനിയ, ഷുവൈഖ് സെൻട്രൽ സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല.
വെള്ളിയാഴ്ച പുലർച്ചെ വഫ്രയിൽ വീട്ടിലും തീപിടിത്തം ഉണ്ടായി. വഫ്രയിൽ നിന്നും നുവൈസീബിൽ നിന്നുമുള്ള അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കില്ല. വീട്ടിലെ നിരവധി വസ്തുക്കൾ തീപിടിത്തത്തിൽ നശിച്ചു. മുറികൾക്ക് വലിയ കേടുപാടുകളും സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.