എൻ.പി.ടി റിവ്യൂ കോൺഫറൻസിൽ തലാൽ അൽഫസ്സം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ആണവ നിർവ്യാപന ഉടമ്പടി (എൻ.പി.ടി) ലോകസുരക്ഷയുടെയും നിരായുധീകരണത്തിന്റെയും ആണിക്കല്ലാണെന്ന് കുവൈത്ത്.ആണവായുധ നിർവ്യാപന കരാറിലെ കക്ഷികളുടെ 2026 റിവ്യൂ കോൺഫറൻസിന്റെ പ്രിപ്പറേറ്ററി കമ്മിറ്റിയുടെ ആദ്യ സെഷനിൽ കുവൈത്ത് സ്റ്റേറ്റ് പ്രതിനിധി സംഘം തലവൻ അംബാസഡർ തലാൽ അൽ ഫസ്സമാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ആണവായുധങ്ങളുടെ വിപത്തിൽനിന്ന് മനുഷ്യരാശിയെ മോചിപ്പിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ മാർഗം അവയുടെ വ്യാപനം തടയുകയും പൂർണമായി നീക്കം ചെയ്യുകയും ചെയ്യുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നിരായുധീകരണം, ആണവായുധങ്ങളുടെ വ്യാപനം തടയൽ, ആണവോർജത്തിന്റെ സമാധാനപരമായ ഉപയോഗം ഉറപ്പാക്കൽ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും കുവൈത്ത് തികഞ്ഞ ഉത്കണ്ഠ പ്രകടിപ്പിക്കുന്നതായി അൽഫസ്സം പറഞ്ഞു. ഈ പ്രശ്നങ്ങൾ ആണവ നിർവ്യാപന ഉടമ്പടിയുടെ മൂന്ന് അടിസ്ഥാന ഘടകങ്ങളാണെന്നും സൂചിപ്പിച്ചു. ഈ വിഷയങ്ങളോടുള്ള കുവൈത്തിന്റെ അചഞ്ചലമായ നിലപാടും അറിയിച്ചു.
പ്രസക്തമായ അന്തർദേശീയ ഉടമ്പടികളോടും കൺവെൻഷനുകളോടും ഒപ്പം എൻ.പി.ടി കരാറുകൾ വർധിപ്പിക്കേണ്ടതിന്റെയും നിലനിർത്തേണ്ടതിന്റെയും ആവശ്യകതയും ഓർമപ്പെടുത്തി.സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയുടെ (സി.ടി.ബി.ടി) ആഗോള പദവി കൈവരിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. ഓസ്ട്രിയൻ തലസ്ഥാനമായ വിയനയിൽ ആഗസ്റ്റ് 11 വരെയാണ് കോൺഫറൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.