കുവൈത്ത് സിറ്റി: കേന്ദ്ര ബജറ്റ് കേരളത്തോട് കേന്ദ്ര സർക്കാർ തുടരുന്ന കടുത്ത വിവേചനവും അവഗണനയും തുറന്നുകാട്ടുന്നതാണെന്ന് പീപ്പിൾസ് കൾച്ചറൽ ഫോറം (പി.സി.എഫ് ) കുവൈത്ത്. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവും ഉൾപ്പെടുന്നുവെന്ന വസ്തുത പോലും കേന്ദ്ര ധനമന്ത്രി ബോധപൂർവ്വം വിസ്മരിച്ച നിലപാടാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്നും കുറ്റപ്പെടുത്തി.
സംസ്ഥാനം ദീർഘകാലമായി ഉന്നയിച്ചു വരുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് തുടങ്ങിയ നിർണായക ആവശ്യങ്ങളെല്ലാം ബജറ്റിൽ പൂർണമായും തഴയപ്പെട്ടിരിക്കുകയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഈ ഗുരുതര അവഗണനക്ക് കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാർ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
എയിംസ് സ്ഥാപിക്കുന്നതിനായി കോഴിക്കോട് കിനാലൂരിൽ വ്യവസായ വകുപ്പിന്റെ ഭൂമി വിട്ടുനൽകുകയും ആവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കുകയും ചെയ്തിട്ടും ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ഒരു രീതിയിലും നീതീകരിക്കാനാവില്ല. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ഈ അവഗണനാപരമായ സമീപനം കേരളത്തിന്റെ വികസനത്തെ മന:പൂർവ്വം തടയുന്നതിന്റെ ഭാഗമാണ്.
ഈ വിഷയത്തിൽ നടന്ന യോഗത്തിൽ ഹുമയൂൺ അറക്കൽ അധ്യക്ഷതവഹിച്ചു. ഷുക്കൂർ കിളിയന്തിരിക്കാൽ, ബഷീർ കക്കോടി, സിദ്ദീഖ് പൊന്നാനി, ഫസലുദീൻ പുനലൂർ, സജ്ജാദ് തോന്നയ്ക്കൽ, റഫീഖ് സൽവ, സഫറുല്ലാഹ് കൊല്ലം, നവാസ് പന്തളം എന്നിവര്‍ സംസാരിച്ചു. റഹീം ആരിക്കാടി സ്വാഗതവും സലിം താനാളൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.