കുവൈത്ത് സിറ്റി: വിദേശരാജ്യങ്ങളിലെ മലയാളികൾക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെൽ (പി.എൽ.എസി) സേവനം കുവൈത്തിലും. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നിവങ്ങളിലേക്കായി ഏഴു ലീഗല്‍ കണ്‍സല്‍ട്ടന്റുമാരുടെ സേവനം ഒരുക്കിയിട്ടുണ്ട്. കുവൈത്തിൽ നിയമസഹായം ആവശ്യമുള്ളവർക്ക് അഡ്വ. രാജേഷ് സാഗറിനെ ബന്ധപ്പെടാം.
വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, ചെറിയ കുറ്റകൃത്യങ്ങള്‍ കാരണവും, തന്റേതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന കേരളീയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് പി.എൽ.എസി. സാധുവായ തൊഴിൽ വിസയിലോ വിസിറ്റിങ് വിസയിലോ വിദേശത്തുളള കേരളീയർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
കേസുകളിൽ നിയമോപദേശം, നഷ്ടപരിഹാരം, ദയാഹരജികൾ എന്നിവയിൽ സഹായിക്കുക, വിവിധ ഭാഷകളിൽ തർജമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക എന്നിവക്ക് അതത് രാജ്യത്ത് കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങൾ നോർക്ക വെബ്സൈറ്റിൽ (www.norkaroots.kerala.gov.in) ൽ നൽകിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വിസ്) ബന്ധപ്പെടാവുന്നതാണ്.
യു.എ.ഇയിൽ ഷാര്‍ജ, ദുബൈ മേഖലയില്‍ അഡ്വ. മനു ഗംഗാധരന്, അഡ്വ. അനല ഷിബു, അബൂദബിയില്‍ അഡ്വ. സാബു രത്നാകരന്, അഡ്വ. സലീം ചൊളമുക്കത്ത്, സൗദി അറേബ്യയിലെ ജിദ്ദയില്‍ അഡ്വ. ഷംസുദ്ദീന് ഓലശ്ശേരി, ദമ്മാമില്‍ അഡ്വ. തോമസ് പി.എം എന്നിവരാണ് നോര്‍ക്ക ലീഗല്‍ കണ്‍സൾട്ടന്റുമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.