ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ്
അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: പുതിയ അന്താരാഷ്ട്ര വിമാനത്താവളം (ടെർമിനൽ- 2) നിർമാണ പുരോഗതി മന്ത്രിസഭ വിലയിരുത്തി. പദ്ധതി നിർവഹണം വേഗത്തിലാക്കുന്നതിനായുള്ള നടപടികൾ കൈക്കൊള്ളാൻ മന്ത്രിസഭ നിർദേശം നൽകി. പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിന് സർക്കാർ, നിർവഹണ സ്ഥാപന പ്രതിനിധികൾ ഉൾപ്പെടുന്ന വർക്കിങ് ഗ്രൂപ്പ് മന്ത്രിസഭ രൂപവത്കരിച്ചു.
ബയാൻ പാലസിൽ നടന്ന പ്രതിവാര യോഗത്തിൽ ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. ഭവന നഗരങ്ങളും പ്രദേശങ്ങളും സ്ഥാപിക്കുന്നതിനും അവയെ സാമ്പത്തികമായി വികസിപ്പിക്കുന്നതിനും വേണ്ടിയുള്ള ഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. സാമൂഹിക വികസന കാര്യങ്ങളിൽ കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള ധാരണാപത്രത്തിനുള്ള ബില്ലിനും അംഗീകാരം നൽകി.
പൗരത്വം നഷ്ടപ്പെടുന്നതും പിൻവലിക്കുന്നതും സംബന്ധിച്ച കുവൈത്ത് പൗരത്വത്തെക്കുറിച്ചുള്ള സുപ്രീം കമ്മിറ്റിയുടെ റിപ്പോർട്ടും അവലോകനം ചെയ്തു. കുവൈത്തും വിവിധ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനും സംയുക്ത സഹകരണം സജീവമാക്കുന്നതിനുമായി അമീറിന് ലഭിച്ച കത്തുകളും മന്ത്രിസഭയിൽ വിശദീകരിച്ചു. ഗവർണറുടെ ചുമതലകളിൽ സഹായിക്കുന്നതിന് ഓരോ ഗവർണറേറ്റിലും ഒരു കൗൺസിൽ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രിസഭ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.