നളിനാക്ഷൻ ഒളവറ
‘‘ഭയം കറുത്തപുകയായി ചുറ്റും മൂടുകയാണ്. റൂമിലെ ജനാലക്കൽ എത്തി താഴേക്ക് നോക്കി. താഴെ വെള്ളം ശേഖരിച്ച് വെക്കുന്ന വലിയ ഫൈബർ വാട്ടർ ടാങ്ക് ശ്രദ്ധയിൽ പെട്ടു. ടാങ്ക് ലക്ഷ്യമിട്ട് താഴേക്കു ചാടി’’
ദുരന്തത്തിൽ രക്ഷപ്പെട്ട നളിനാക്ഷൻ ഒളവറയുടെ വിവരണം നളിനാക്ഷൻ ഒളവറ
2024 ജൂൺ 12 ഒരിക്കലും മറക്കാനാവത്ത ദിവസം. അച്ചൻ മരിച്ചതിന്റെ ഓർമ്മ ദിവസമായിരുന്നു അന്ന്. അന്നുതന്നെ ആയിരുന്നു ജീവിതത്തിലെ മറക്കാനാകാത്ത വലിയൊരു ദുരന്തത്തിന് ഞാൻ ഇരയും സാക്ഷിയുമായത്. പതിവുപോലൊരു ദിവസം തന്നെയായിരുന്നു അന്നും. ജോലി കഴിഞ്ഞ് എത്തിയവർ വിവിധ അറകളിൽ പ്രതീക്ഷകളെ സ്വപ്നംകണ്ട് പതിവ് ഉറക്കത്തിലാണ്. എന്തോ ദൈവനിശ്ചയം പോലെ ഞാൻ അന്ന് പതിവുതെറ്റി നാലു മണിക്ക് ഉറക്കമുണർന്നു. ബാത്ത്റൂമിൽ പോയി വീണ്ടും ഉറങ്ങാൻ കിടന്നു. എന്നാൽ കണ്ണടക്കുംമുമ്പ് പലയിടങ്ങളിൽനിന്നായി ആളുകളുടെ ബഹളം കേട്ടു കോറിഡോറിലേക്കുള്ള വാതിൽ തുറന്നു. ഒന്നും കാണാൻ പറ്റാത്ത വിധം കറുത്ത പുകകൊണ്ട് മൂടപെട്ടിരുന്നു അവിടം. എന്താണ് സംഭവിച്ചതെന്ന് ഒരു നിശ്ചയവും അപ്പോൾ കിട്ടിയില്ല. പുക കണ്ണുകളിലേക്കു കയറി കാഴ്ചയെ നീറ്റുന്നുണ്ട്. ആളുകളുടെ നിലവിളിയും ബഹളവും പുകയിൽ മുങ്ങി എതോ വിദൂര ലോകത്തുനിന്ന് എന്നവണ്ണം കാതിലെത്തുന്നുണ്ട്.
നളിനാക്ഷൻ ഒളവറ ആശുപത്രിയിൽ (ഫയൽ)
കെട്ടിടം മുഴുവൻ അഗ്നിക്കിരയായി കൊണ്ടിരിക്കുന്നുവെന്ന് തന്നെ ഉറപ്പിച്ചു. വൈദ്യുതി നഷ്ടപെട്ടിരിക്കുന്നു. ഗോവണി വഴി ഒരിക്കലും താഴെ എത്താനുമാകില്ല. പുകയും തീയും ചുറ്റും നിറയുകയാണ്. അപ്പോഴാണ് അടുത്ത മുറികളിലുള്ളവരെ ഓർത്തത്. വാതിലിൽ തട്ടിവിളിച്ച് അവരെ ഉണർത്തി. ഒരാൾ ഒന്നും മനസ്സിലാകാതെ ഗോവണി വഴി താഴേക്കു കുതിച്ചു. മറ്റൊരാൾ പുകയിൽ അപ്രത്യക്ഷനായി. ഞങ്ങൾ മൂന്നുപേരാണ് അപ്പോൾ മൂന്നാം നിലയിൽ ഉണ്ടായിരുന്നത്. ഒന്നും ചിന്തിക്കാനും, തീരുമാനിക്കാനും സമയമില്ലായിരുന്നു ഭയം കറുത്ത പുകയായി ചുറ്റും മൂടുകയാണ്. റൂമിലെ ജനാലക്കൽ എത്തി താഴേക്ക് നോക്കി. താഴെ വെള്ളം ശേഖരിച്ചു വെക്കുന്ന വലിയ ഫൈബർ വാട്ടർ ടാങ്ക് ശ്രദ്ധയിൽ പെട്ടു. ജീവിതത്തിലേക്കാണോ മരണത്തിലേക്കാണോ എന്നൊന്നും ഓർത്തില്ല. തറയിൽ വീണ് വലിയ അപകടം ഒഴിവാക്കാമല്ലോ എന്ന ചിന്തയിൽ വാട്ടർ ടാങ്ക് ലക്ഷ്യമിട്ട് താഴേക്കു ചാടി. ചാട്ടത്തിനൊപ്പം ഓർമയും എന്നിൽനിന്ന് മാഞ്ഞു.
കണ്ണുതുറന്നപ്പോൾ ആശുപത്രിയിലായിരുന്നു. വീഴ്ചയിൽ കഴുത്തിനും, നട്ടെല്ലിനും സംഭവിച്ച ക്ഷതങ്ങൾ വേദനയുടെ രൂപത്തിൽ ആ പുലർക്കാലം വീണ്ടും ഓർമിപ്പിച്ചു. കണ്ടും മിണ്ടിയും ഒരുമിച്ചു കഴിഞ്ഞിരുന്ന 49 പേർ മരണത്തിന് കീഴടങ്ങിയത് അറിഞ്ഞപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത്. ഞാൻ ഉറക്കത്തിൽനിന്ന് ഉണർത്തിയതും ഗോവണി വഴി രക്ഷപ്പെടാൻ ശ്രമിച്ചയാൾ പാതിവഴിയിൽ ജീവിതത്തിൽ നിന്ന് മടങ്ങിപ്പോയി. ഗോവണി പടിയിൽനിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തതെന്നും അറിഞ്ഞു. പ്രിയപ്പെട്ടവന് കണ്ണീരിനാൽ പ്രണാമമർപ്പിക്കാനേ അപ്പോൾ കഴിയുമായിരുന്നുള്ളൂ. മറ്റെയാളെ ബാത്ത്റൂമിൽ ബോധമറ്റ നിലയിൽ കണ്ടെത്തി.
കുവൈത്തിൽ രണ്ടുമാസവും നാട്ടിൽ രണ്ടുമാസവുമായി ചികിത്സയിൽ കഴിയേണ്ടിവന്നു. രണ്ടാം ജന്മത്തിൽ വാരിയെല്ലിന് സംഭവിച്ച പരിക്ക് സ്റ്റീൽ കമ്പികളാൽ സംരക്ഷിച്ചും, കഴുത്തിനും, നട്ടെല്ലിലുമുള്ള വേദനകൾ എന്നിൽ തന്നെ ഒതുക്കിയും ഇന്നും കുവൈത്തിൽ ജീവിതം തുടരുന്നു.ദൈവം തിരിച്ചുതന്ന ജീവിതം ദൈവം തന്നെ തിരിച്ചെടുക്കും വരെ പോകുന്നത്രയും പോകട്ടെ...ഹൃദയത്തിൽ ചേർത്ത് നന്ദി പറയേണ്ടുന്ന ഒരുപാട് പേരുണ്ട് എല്ലാവരോടും, എല്ലാറ്റിനുപരി സർവ്വശക്തനായ ദൈവം തമ്പുരാനോടും എന്നും കടപ്പെട്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.